മാറഞ്ചേരി: നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ അര്‍ജന്റീന മുത്തമിട്ടപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ പലതരത്തിലാണ് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നത്. കേരളത്തില്‍ സൗജന്യമായി ബിരിയാണി വിളമ്പിയും മധുരം നൽകിയുമായിരുന്നു ആരാധകർ തങ്ങളുടെ വിജയം ആഘോഷിച്ചത്. എന്നാല്‍, അര്‍ജന്റീനയുടെ കട്ടഫാനായ ലിജീഷ് ആഘോഷത്തിൽ ഒരു പടികൂടി കടക്കുകയാണ്. തന്റെ ബാർബർ ഷോപ്പിലെത്തുന്നവർക്കെല്ലാം വെള്ളിയാഴ്ച ലിജീഷ് സൗജന്യമായി മുടി മുറിച്ചുനൽകി. മാറഞ്ചേരി പുറങ്ങ് ബ്ലോസം ഓഡിറ്റോറിയത്തിന് സമീപമാണ് ലിജീഷിന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ സലൂൺ പ്രവർത്തിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ബാർബർ ഷോപ്പിൽ വരുന്ന എല്ലാവർക്കും സൗജന്യ സേവനമാണ് ലിജീഷ് നൽകിയത്.
അർജന്റീനയുടെ ജഴ്സിയുമണിഞ്ഞ് ലിജീഷ് വരുന്നവർക്കെല്ലാം സൗജന്യസേവനം നൽകി. ബ്രസീൽ ഫാൻസുകാർക്ക് മുൻഗണന നൽകിയായിരുന്നു ലിജീഷിന്റെ സൗജന്യ സേവനം. ഫ്രീയായി കട്ടിങ്ങും ഷേവിങ്ങുമെന്നറിഞ്ഞതോടെ നിരവധി പേരാണ് ബാർബർ ഷോപ്പിലെത്തിയത്.
അര്‍ജന്റീനയോടുള്ള ആരാധനയെക്കുറിച്ച് ലിജീഷിന് പറയാനുള്ളത് ഇതാണ്: ‘‘1986 ലാണല്ലോ അര്‍ജന്റീന അവസാനമായി കപ്പടിച്ചത്. അതാണെങ്കില്‍ തനിക്ക് കാണാനും പറ്റിയിട്ടില്ല. ഇതിനിടെ പലതവണ കപ്പടിച്ച ബ്രസീല്‍ ആരാധകരുടെ കളിയാക്കലുകള്‍ എത്രയോ കാലമായി ഏറ്റുവാങ്ങിയിട്ടുണ്ട്. അതിനാല്‍ എന്നെ സംബന്ധിച്ച് ഈ കിരീടം വലിയൊരു സന്തോഷംതന്നെയാണ്. ഈ സന്തോഷംതന്നെയാണ് ഈ ഒരു പ്രവൃത്തിക്ക് പ്രേരിപ്പിച്ചത്’’. കാഞ്ഞിരമുക്ക് സ്വദേശിയാണ് ലിജീഷ്. 25 വർഷത്തോളം ആയി ബാർബർ ഷോപ് നടത്തുകയാണ് ലിജീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.