മൊറയൂര്‍: അരിമ്പ്ര മലയില്‍ പുതിയ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കുന്നതിന് മുന്നോടിയായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘടിപ്പിച്ച ഹിയറിങ്ങില്‍ നാട്ടുകാരുടെ പരാതിപ്രളയം. മലയുടെ താഴ്വാരത്തുള്ള കുടുംബങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിഷയത്തില്‍ എതിര്‍പ്പറിയിച്ച് നൂറുകണക്കിന് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി. പരിസ്ഥിതി ലോല പ്രദേശത്ത് ഖനന കേന്ദ്രം അനുവദിക്കരുതെന്ന നിലപാടാണ് സ്ത്രീകളും കുട്ടികളുമടക്കം ഹിയറിങ്ങില്‍ പങ്കെടുത്തവരെല്ലാം സ്വീകരിച്ചത്. മലയിലെ രണ്ട് ഭൂവുടമകളില്‍ നിന്നായി പാട്ടത്തിനെടുത്ത സ്ഥലത്ത് പാറ ഖനന കേന്ദ്രം അനുവദിക്കാന്‍ മാവൂര്‍ പാഴൂര്‍ സ്വദേശി അബിന്‍ റഹ്മാന് നല്കിയ അപേക്ഷയില്‍ ലാന്‍ഡ് റീഫോംസ് ഡെപ്യൂട്ടി കലക്ടര്‍ ജോസഫ് സ്റ്റീഫന്‍ റോയിയുടെ നേതൃത്വത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥ സംഘം ജനാഭിപ്രായം തേടിയത്.
മൊറയൂര്‍, വാലഞ്ചേരി ഭാഗങ്ങളിലുള്ള 300ഓളം പേര് അരിമ്പ്ര മല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മല്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കൊപ്പം ഖനന കേന്ദ്രങ്ങള്‍ അനുവദിക്കില്ലെന്ന് രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളുമേന്തി പ്രകടനമായാണ് ഹിയറിങ്ങിനെത്തിയത്. പ്രദേശവാസിയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സുനീറ പൊറ്റമ്മല്‍, ഉപാധ്യക്ഷന്‍ ജലീല്‍ മുണ്ടോടന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.പി. ഇബ്രാഹീം, ഇ. ആലിപ്പ, എ.കെ. നവാസ്, ഹസൈനാര്‍ ബാബു എന്നിവര്‍ പ്രദേശത്ത് പുതിയ ക്വാറി പാടില്ലെന്നും ജനങ്ങളുടെ ആശങ്ക നിസ്സാരമായി കാണരുതെന്നും ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചു. മേഖലയിലെ വിവിധ സ്കൂള്‍ അധികൃതര്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍ തുടങ്ങിയവരെല്ലാം അരിമ്പ്ര മലയില്‍ തുടരുന്ന പാറ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ജനജീവിതത്തിനുള്ള വെല്ലുവിളികളും ഉദ്യോഗസ്ഥരെ ബോധിപ്പിച്ചു. പാറ ഖനന കേന്ദ്രങ്ങള്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് അരിമ്പ്ര മല സംരക്ഷണ സമിതി പ്രദേശവാസികള്‍ ഒപ്പിട്ട ഭീമ ഹരജിയും വിവിധ വിദ്യാലയ അധികൃതരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തയാറാക്കിയ പരാതികളും വിഷയത്തില്‍ ഗ്രാമപഞ്ചായത്തിന്റെ തീരുമാനങ്ങളും നേരത്തെ ജില്ല കലക്ടര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സമര്‍പ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.