താനൂർ: താനൂരിൽ രണ്ടിടത്ത് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. താനൂർ കെ.പുരം പുത്തൻതെരു എ.എൽ.പി സ്കൂൾ വിദ്യാർഥിനിയെ ദേവധാർ റെയിൽവേ അടിപ്പാതയിൽവെച്ചും ചീരാൻ കടപ്പുറത്ത് ജുമാമസ്ജിദിന് സമീപം മദ്റസ വിദ്യാർഥിയെയുമാണ് ആക്രമിക്കാൻ ശ്രമിച്ചത്. മിഠായി കാണിച്ച് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാനായിരുന്നു രണ്ടിടത്തും ശ്രമം. കെ. പുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുനിന്ന് പുത്തൻതെരു എ.എൽ.പി സ്കൂളിലേക്ക് വരുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ രാവിലെ 10ഓടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മിഠായി വാങ്ങാൻ കൂട്ടാക്കാതിരുന്നതോടെ അക്രമി കത്തിയെടുത്ത് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതോടെ കുട്ടി ഓടി രക്ഷപ്പെട്ടു.
സ്കൂളിലെത്തിയ വിദ്യാർഥി പറഞ്ഞതനുസരിച്ച് അധ്യാപകരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല.
മുടി നീട്ടി കറുത്ത ഷർട്ട് ധരിച്ച് കൈയിൽ ബാഗുമായാണ് ഇയാൾ വന്നതെന്നാണ് കുട്ടി പറയുന്നു. രാവിലെ ഏഴിന് ചീരാൻകടപ്പുറത്തും സമാനമായ രീതിയിൽ ജുമാമസ്ജിദിന് സമീപം മദ്റസയിലേക്ക് വരികയായിരുന്ന വിദ്യാർഥിക്ക് നേരെ ഭീഷണിയുയർന്നിരുന്നു. ഇവിടെയും നീളൻ മുടിയുള്ള കറുത്ത മാസ്ക് ധരിച്ചയാളാണ് മിഠായിയുമായെത്തിയതെന്നാണ് കുട്ടി പറയുന്നത്.
മിഠായി വാങ്ങാൻ മടിച്ചതോടെ ശകാര വർഷം നടത്തിവന്ന കറുത്ത വാനിൽ കയറി അതിവേഗം രക്ഷപ്പെടുകയായിരുന്നു. രണ്ടിടത്തും അക്രമം നടത്തിയത് ഒരേ ആൾ ആകാനുള്ള സാധ്യതുണ്ടെന്ന് പറയുന്നു. സംഭവം രക്ഷിതാക്കളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ധാരാളം കുട്ടികൾ ദിനേന സഞ്ചരിക്കുന്ന ദേവധാർ റെയിൽവേ അടിപ്പാതയിൽ മതിയായ വെളിച്ചമില്ലാത്തതും സാമൂഹികവിരുദ്ധർക്ക് സൗകര്യമാകുന്നുണ്ടെന്ന പരാതിയുയരുന്നുണ്ട്. സംഭവം വിശദീകരിച്ച് പുത്തൻതെരു എ.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ നൽകിയ ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്ക് വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.