കോട്ടക്കൽ: ശതാഭിഷിക്തനായ ഡോ. പി.കെ. വാര്യർക്ക് പിറന്നാൾ ആശംസകളുമായി പ്രമുഖർ. ആയുര്‍വേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെ ആദ്യകേന്ദ്രമാക്കി കോട്ടക്കല്‍ ആര്യവൈദ്യശാലയെ വളർത്തിയ മഹത് വ്യക്തിയാണ് ഡോ. പി.കെ. വാര്യരെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
കേരളത്തിെൻറ ആയുര്‍വേദ സംസ്കാരത്തെ ലോകപ്രശസ്തമാക്കുന്നതിൽ കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് വലിയ പങ്കാണുള്ളത്. ശാസ്ത്രവളര്ച്ചക്കൊപ്പം ആധുനികരീതികൾ കൂടി ഉപയോഗപ്പെടുത്തി ചികിത്സരംഗത്ത് വലിയ വിപ്ലവമാണ് വാര്യര്‍ സൃഷ്ടിച്ചത്. ആര്യവൈദ്യശാലയുടെ വിശ്വാസത്തിെൻറ പേര് കൂടിയാണ് പി.കെ. വാര്യരെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എം.പിമാരായ അബ്ദുസ്സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, എം.എൽ.എമാരായ എം.കെ. മുനീർ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ, വി.എം. സുധീരൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കുമ്മനം രാജശേഖരൻ തുടങ്ങിയവരും ആശംസ നേർന്നു.
സ്നേഹോപഹാരവുമായി പാണക്കാട് കുടുംബം
കോട്ടക്കൽ: ഡോ. പി.കെ. വാര്യർക്ക് ആശംസകൾ നേർന്ന് പാണക്കാട് കുടുംബം. സാദിഖലി ശിഹാബ് തങ്ങൾ കോട്ടക്കലിലെത്തി സ്നേഹോപഹാരം കൈമാറി. ആര്യവൈദ്യശാല ട്രസ്റ്റി അംഗം ഡോ. പി.എം. വാര്യർ ഏറ്റുവാങ്ങി. ആതുരസേവനത്തിനൊപ്പം നാടിെൻറ മതസാഹോദര്യത്തിനും പ്രാധാന്യം നൽകിയ ഡോ. പി.കെ. വാര്യർ ശതാഭിഷേകനാകുമ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാനാണ് എത്തിയതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. പതിറ്റാണ്ടുകളായി പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് പി.കെ. വാര്യരും കുടുംബവും.
എം.പി. അബ്ദുസ്സമദ് സമദാനി എം.പി, നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ, മുസ്ലിംലീഗ് നേതാക്കളായ സാജിദ് മങ്ങാട്ടിൽ, കെ.കെ. നാസർ എന്നിവരും അനുഗമിച്ചു.
ഡോ. പി.കെ. വാര്യർ ആയുർവേദത്തിന് ആധുനിക മുഖം നൽകി –ഡോ. രാജേഷ് കോട്ടേച്ച
കോട്ടക്കൽ: പത്മഭൂഷൺ ഡോ. പി.കെ. വാര്യരുടെ ജന്മശതാബ്ദിയുടെ ഭാഗമായി വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ഓൺലൈൻ തുടർവിദ്യാഭ്യാസ പരിപാടി കേന്ദ്ര ആയുഷ് മന്ത്രാലയ സെക്രട്ടറി ഡോ. രാജേഷ് കോട്ടേച്ച ഉദ്ഘാടനം ചെയ്തു. ആയുർവേദത്തിന് ആധുനിക മുഖം നൽകുന്നതിലും വിവിധ ശാസ്ത്രങ്ങൾ തമ്മിലുള്ള സൃഷ്ടിപരമായ സംവാദങ്ങൾക്ക് വേദിയൊരുക്കാനും ഡോ. പി.കെ. വാര്യർക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി നിന്ന് വൈദ്യമേഖലയിൽ സാമൂഹിക സംരംഭകത്വത്തിന് നേതൃത്വം നൽകാൻ ആര്യവൈദ്യശാലക്ക് കഴിഞ്ഞു. ലോകാരോഗ്യ സംഘടന 2023ഓടെ തദ്ദേശീയ വൈദ്യ സമ്പ്രദായങ്ങളുടെ ഏകോപനത്തിലൂടെ ഇന്ത്യയെ ആഗോളസ്വാസ്ഥ്യ കേന്ദ്രമാക്കി പരിവർത്തിപ്പിക്കാനുള്ള ശ്രമം നടത്തുന്ന സന്ദർഭത്തിൽ ആര്യവൈദ്യശാലയുടെയും ഡോ. പി.കെ. വാര്യരുടെയും പ്രവർത്തനങ്ങൾ മാതൃകാപരമാണ്.
ആഗോളശ്രദ്ധ നേടിയ ചികിത്സകൻ, ദൃഢചിത്തനായ മനുഷ്യസ്നേഹി എന്നീ നിലകളിൽ അദ്ദേഹം സർവാദരണീയനാണെന്നും ഡോ. രാജേഷ് കോട്ടേച്ച പറഞ്ഞു. ഡോ. പി.കെ. വാര്യരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ സന്ദേശം ചടങ്ങിൽ വായിച്ചു. ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ അധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല സി.ഇ.ഒ ഡോ. ജി.സി. ഗോപാലപിള്ള, ടി. ഭാസ്കരൻ, ഡോ. കെ. മുരളീധരൻ, ഡോ. കെ. മുരളി, പി.കെ. പ്രതാപൻ എന്നിവർ സംസാരിച്ചു. ആര്യവൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ. പി.എം. വാര്യർ സ്വാഗതവും ഡോ. എം.ജെ. ജോർജ് നന്ദിയും പിറഞ്ഞു. ഡോ. പി.കെ. വാര്യരുടെ ആത്മകഥയെ അവലംബിച്ച് ആയുർവേദ കോളജ് വിദ്യാർഥികളും അധ്യാപകരും തയാറാക്കിയ ഡോക്യുമെൻററി ചടങ്ങിൽ പ്രദർശിപ്പിച്ചു.
ഡോ. പി.പി. കിരാതമൂർത്തി രചിച്ച ആശംസാശ്ലോകമാലിക ഗാനരൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. ഡോ. പി.കെ. വാര്യർ ആയുർവേദ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്ന വിഡിയോ സംഭാഷണം സാർഥകമായ നിമിഷങ്ങൾ സമ്മാനിച്ചു. യു.ജി.സി മുൻ വൈസ് ചെയർമാൻ ഡോ. ഭൂഷൺ പട്വർധൻ 'ആയുർവേദം ഭാവിയിലേക്ക് പരിവർത്തിപ്പിക്കുന്നതിലെ സാധ്യതകളും വെല്ലുവിളികളും' വിഷയത്തിൽ പ്രഭാഷണം നടത്തി. ആയുർവേദ വിദ്യാഭ്യാസം, ഗവേഷണം, ആസൂത്രണം, പ്രയോഗം എന്നീ മേഖലകളെ അടിസ്ഥാനപ്പെടുത്തി ദേശീയതലത്തിൽ ജൂൺ 11 വരെ നടക്കുന്ന തുടർവിദ്യാഭ്യാസ പരിപാടിയിൽ വിവിധ മേഖലകളിൽനിന്നുള്ള പ്രഗല്ഭർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജൂൺ 12, 13 തീയതികളിൽ ദേശീയതലത്തിൽ ബിരുദാനന്തര ഗവേഷകർക്കായി ഗവേഷണ പ്രബന്ധ മത്സരവും (ജ്ഞാനാർണവം) നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.