പൊന്നാനി: ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ പറക്കും കുതിരയും മൈനർ വിഭാഗത്തിൽ ജൂനിയർ കായൽ കുതിരയും ജലരാജാക്കന്മാരായി. മേജർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് കായൽ കുതിരയും കടവനാടൻ മൂന്നാം സ്ഥാനത്തുമെത്തി. മൈനർ വിഭാഗത്തിൽ പുളിക്കകടവൻ രണ്ടാം സ്ഥാനത്തും സൂപ്പർ ജെറ്റ് മൂന്നാം സ്ഥാനത്തുമെത്തി.
മൈനർ ബി വിഭാഗത്തിൽ നടന്ന മത്സരത്തിൽ പടകൊമ്പൻ ഒന്നാം സ്ഥാനവും ജൂനിയർ കായൽ കുതിര രണ്ടാം സ്ഥാനവും നേടി. ആയിരക്കണക്കിന് വള്ളംകളിപ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലിൽ ജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. 12 മേജര്‍ വള്ളങ്ങളും 17 മൈനര്‍ വള്ളങ്ങളുമുൾപ്പെടെ 29 വള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുത്തത്.
മലബാറിലെ ഏറ്റവും പ്രശസ്തമായ ബിയ്യം കായൽ ജലോത്സവത്തിന് മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നായി ആയിരക്കണക്കിന് ആളുകളാണ് കായലിന്റെ ഇരുകരയിലുമായി തടിച്ചുകൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച് ജില്ല ഭരണകൂടം, ഡി.ടി.പി.സി, പൊന്നാനി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ തുടങ്ങിയവർ ചേർന്നാണ് വള്ളംകളി സംഘടിപ്പിച്ചത്.
വിജയികൾക്ക് സമ്മാനങ്ങൾ പി. നന്ദകുമാർ എം.എൽ.എ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുമാണ് സമ്മാനത്തുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.