കൂത്തുപറമ്പ്: കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച ബസ് മാനന്തേരിയിൽ നിയന്ത്രണംവിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് യാത്രക്കാരായ 13 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ കൂത്തുപറമ്പ്-വയനാട് റോഡിൽ മാനന്തേരി പാക്കിസ്താൻ പീടികയിലാണ് അപകടം.
മലപ്പുറം ജില്ലയിലെ മഞ്ചേരി, കീച്ചേരി, കൊണ്ടോട്ടി സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒന്നോടെ കൊട്ടിയൂരിൽ എത്തിയ സംഘം ദർശനം കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയിലാണ് അപകടം.
ബസ് പാക്കിസ്താൻ പീടികയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണംവിട്ട് ഇടിച്ച് കയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ ക്ലീനർ റാഷിദ്, യാത്രക്കാരിയായ സരോജിനി എന്നിവരെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 11 പേർ നിസാര പരിക്കുകളോടെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 35 പേരാണ് ബസിൽ ഉണ്ടായിരുന്നത്. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടർ പൂർണമായും തകർന്നു. മറ്റൊരു ബൈക്കിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അപകടം നടന്ന ഉടൻ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കൂത്തുപറമ്പ് അഗ്നിരക്ഷാസേനയും കണ്ണവം പൊലീസും എത്തിയിരുന്നു. ഈ വർഷം തന്നെ പതിനഞ്ചോളം അപകടങ്ങളാണ് മേഖലയിൽ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.