മലപ്പുറം: വില്പനയില് അതീവ നിയന്ത്രണമുള്ള ‘ഷെഡ്യൂള്‍ എക്സ്’ വിഭാഗത്തില്‍പ്പെട്ട മരുന്ന് ‘ഷെഡ്യൂള്‍ എച്ച്’ എന്ന് തെറ്റായി ലേബല്‍ ചെയ്ത് വിൽപന നടത്തിയ മരുന്നു നിര്‍മാതാക്കള്‍ക്കെതിരെ ഡ്രഗ്സ് കണ്ട്രോള് വകുപ്പ് കേസെടുത്തു. കോഴിക്കോട് റീജനൽ ഡ്രഗ്സ് ഇൻസ്പെക്ടർ വി.എ. വനജയുടെ നേതൃത്വത്തില്‍ തിരൂരില്‍ ജൂലൈ 11ന് നടത്തിയ പരിശോധനയിലാണ് തെറ്റായി ലേബല്‍ ചെയ്ത മരുന്നുകള്‍ കണ്ടെടുത്തത്. കെറ്റ്ഫ്ലിക്സ് എന്ന ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന, അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്നായ കെറ്റാമിൻ ഇൻജക്ഷനാണ് ഡ്രഗ്സ് കണ്ട്രോള് വിഭാഗം പിടിച്ചെടുത്തത്.
മഹാരാഷ്ട്രയിലെ വൈറ്റല്‍ ഹെല്‍ത്ത് കെയര്‍ പ്രൈ. ലിമിറ്റഡ്(സ്വകാര്യ) എന്ന കമ്പനി നിർമിച്ച് തെലുങ്കാന ആസ്ഥാനമായ ഹെറ്റെറോ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ മരുന്ന് മാർക്കറ്റ് ചെയ്യുന്നത്. തിരൂരിലെ രണ്ട് സ്ഥാപനങ്ങളില്‍നിന്നാണ് മരുന്ന് പിടിച്ചെടുത്തത്.
സംഭവത്തില്‍ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗുണനിലവാര പരിശോധനക്കായി സാമ്പിൾ ശേഖരിക്കുകയും മരുന്നിന്റെ തുടർവിൽപന തടയുകയും ചെയ്തിട്ടുണ്ട്. ദുരുപയോഗം ചെയ്യപ്പെടാൻ വളരെയേറെ സാധ്യതയുള്ളതിനാല്‍ വിൽപനയിൽ അതീവ നിയന്ത്രണമുള്ള മരുന്നാണിത്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം കെറ്റാമിൻ ഇൻജക്ഷൻ മരുന്നുകളുടെ ഔഷധ മൊത്തവിതരണ സ്ഥാപനങ്ങൾക്ക് നിയമനുസൃതമായ ലൈസൻസ് (ഫോം 20 ജി) ആവശ്യമാണ്. ‘ഷെഡ്യൂൾ എച്ച്’ എന്ന് ലേബൽ ചെയ്ത് നിയമാനുസൃതമായ ലൈസൻസുകൾ ഇല്ലാത്ത ഔഷധ മൊത്ത വ്യാപാര സ്ഥാപനങ്ങൾ മുഖാന്തരമാണ് കെറ്റ്ഫ്ലിക്സ് വിൽപന നടത്തിയതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു.
നിയമപ്രകാരം ‘ഷെഡ്യൂൾ എക്സ്’ വിഭാഗത്തിൽപ്പെട്ട ഇൻജക്ഷൻ മരുന്നുകൾ നിർമിക്കാൻ അഞ്ച് എം.എല്‍ പാക്കിങ് ആണ് അനുവദനീയമായ പരമാവധി അളവ്. എന്നാൽ 10 എം.എല്‍ ന്റെ ഇഞ്ചക്ഷനാക്കിയാണ് നിർമാണ കമ്പനി ഈ മരുന്ന് വിപണിയിലെത്തിച്ചിട്ടുള്ളത്. കോഴിക്കോട് മേഖല അസി.ഡ്രഗ്സ് കൺട്രോളർ ഷാജി എം. വർഗീസിന്റെ നിർദേശ പ്രകാരം നടന്ന റെയ്ഡിൽ ജില്ല ഡ്രഗ്സ് ഇൻസ്പെകർ ഡോ. എം.സി. നിഷിത്, ഡ്രഗ്സ് ഇൻസ്പെക്ടർമാരായ ടി.എം. അനസ്, ആര്. അരുൺ കുമാർ, ഡ്രഗ്സ് ഇൻസ്പെക്ടർ (ഇന്റലിജൻസ് ബ്രാഞ്ച്) വി.കെ. ഷിനു, കോഴിക്കോട് ഡ്രഗ്സ് ഇൻസ്പെക്ടർമാരായ ആയ സി.വി. നൗഫൽ, യു. ശാന്തി കൃഷ്ണ, കെ. നീതു, വി.എം. ഹഫ്സത്ത്, വയനാട് ഇൻസ്പെക്ടർ യൂനസ് കൊടിയത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.