മലപ്പുറം: ജില്ലയിലെ ജലയാത്രകൾ സുരക്ഷിതമാക്കാൻ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ജില്ല ഭരണകൂടം. സുരക്ഷിതമല്ലാത്ത യാത്രായാനങ്ങളും അശ്രദ്ധയും മൂലമാണ് ബോട്ടപകടങ്ങൾ കൂടുതലും സംഭവിക്കുന്നതെന്നും മനുഷ്യനിർമിതമായ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടി കൈക്കൊള്ളാനാണ് ജില്ല ഭരണകൂടം തീരുമാനമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ വി.ആർ. വിനോദ് അറിയിച്ചു.
ബോട്ടപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിത ജലയാത്ര ഉറപ്പുവരുത്താനുമായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടും ബോട്ട് സുരക്ഷ പരിശോധനക്കായി കമ്മിറ്റി രൂപവത്കരിച്ചുകൊണ്ടും കലക്ടർ ഉത്തരവിട്ടു. ജില്ല കലക്ടർ ചെയർമാനായ ജില്ലാതല ഉപദേശക സമിതിയില്‍ ജില്ല പൊലീസ് മേധാവി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ, ജില്ല ഫയർ ഓഫിസർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ, ഡി.ടി.പി.സി സെക്രട്ടറി എന്നിവർ അംഗങ്ങളാണ്.
സുരക്ഷിത ജലയാത്രക്കായി ആറംഗ ബോട്ട് സുരക്ഷ പ്രാദേശിക പരിശോധന കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. തഹസിർദാർ/ഡെപ്യൂട്ടി തഹസിൽദാർ (ദുരന്തനിവാരണ വിഭാഗം), സ്ഥലം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, ബന്ധപ്പെട്ട എസ്.എച്ച്.ഒ, അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ, പോർട്ട് കൺസർവേറ്റർ, പൊന്നാനി/പോർട്ട് കൺസർവേറ്റർ ചുമതലപ്പെടുത്തുന്ന വ്യക്തി, ഡി.ടി.പി.സി സെക്രട്ടറി നിർദേശിക്കുന്ന ഉദ്യോഗസ്ഥൻ എന്നിവരാണ് പ്രാദേശിക സുരക്ഷ പരിശോധന കമ്മിറ്റിയിലെ അംഗങ്ങൾ.
ബോട്ടുകൾക്ക് നിർബന്ധമായ രജിസ്ട്രേഷൻ-വാർഷിക സർവേ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ബോട്ടിൽ പ്രദർശിപ്പിക്കണം, സർട്ടിഫിക്കറ്റിലുള്ള മുഴുവൻ അഗ്നിശമന ഉപകരണങ്ങളും ബോട്ടിലുണ്ടാവണം, ഇൻഷുറൻസ് കാലാവധി അവസാനിച്ചാലും കാലാവസ്ഥ പ്രതികൂലമായാലും സൂര്യാസ്തമയത്തിനു ശേഷവും ബോട്ട് പ്രവർത്തിപ്പിക്കരുത്, യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നൽകുകയും ബോധവത്കരണം നടത്തുകയും വേണം തുടങ്ങിയ നിർദേശങ്ങളാണ് ബോട്ട് ഉടമ പാലിക്കേണ്ടത്. യാത്രക്കാർ ജീവനക്കാരുടെ നിർദേശങ്ങൾ നിർബന്ധമായി പാലിക്കുകയും പ്രവേശനാനുമതിയുള്ള സ്ഥലങ്ങളിൽ മാത്രം പ്രവേശിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.