താനൂർ: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു. ജനപ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, സ്കൂൾ അധികൃതർ തുടങ്ങിയവരുമായി ചർച്ച നടത്തി.
കഴിഞ്ഞ ദിവസം കുട്ടികൾ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിെട ഉണ്ടാകുമായിരുന്ന ദുരന്തം സംബന്ധിച്ച ലോക്കോപൈലറ്റിന്റെ ശബ്ദസന്ദേശവും സ്കൂൾ ഹെഡ്മിസ്ട്രസിന്റെ മറുപടിയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയെത്തുടർന്ന് റെയിൽവേ ലൈനിനടുത്തുള്ള സ്കൂളുകളിൽ ബോധവത്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുമാർഗനിർദേശം പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായി വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
വിദ്യാർഥികൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നത് തടയാനുള്ള നിർദേശങ്ങൾ യോഗത്തിൽ ഉയർന്നുവന്നു. സ്കൂളിനോട് ചേർന്നുള്ള റെയിൽവേ ട്രാക്കും സംഘം സന്ദർശിച്ചു. ആർ.പി.എഫ് ഷൊർണൂർ മേഖല ചുമതലയുള്ള ഓഫിസർ ഷെർലി വത്സ, തിരൂർ റെയിൽവേ ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഫെൻസിങ് നിർമാണം, അടിപ്പാലത്തിന്റെ അപാകതകൾ പരിഹരിക്കൽ, സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ സഞ്ചാരസുരക്ഷ മാർഗങ്ങൾ നടപ്പാക്കാൻ ചർച്ചയിൽ തീരുമാനമായി. റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസുകൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.