നിലമ്പൂർ: വഴിക്കടവിലെ കോളറ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന യോഗം അടിയന്തര പ്രതിരോധ നടപടി ആവിഷ്കരിച്ചു. മൂന്ന് ദിവസത്തേക്കുള്ള കർമ പദ്ധതിയാണ് ആസൂത്രണം ചെയ്തത്.
കോളറ വ്യാപനം സംശയിക്കുന്ന കാരക്കോടൻ പുഴയും ജലനിധി പദ്ധതി കിണറും പരിസരവും സന്ദർശിച്ച ശേഷമാണ് വഴിക്കടവ് പഞ്ചായത്ത് ഹാളിൽ അടിയന്തര യോഗം ചേർന്നത്. ചൊവ്വാഴ്ച കലക്ടർ വിളിച്ച ഓൺലൈൻ മീറ്റിങ്ങിലെ നിർദേശങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ടോയെന്ന് ബോധ്യപ്പെടുന്നതിനും ഇല്ലെങ്കിൽ തടസ്സത്തിനുള്ള കാരണം കണ്ടെത്തി പ്രതിവിധി കാണുന്നതിനുമാണ് സബ് കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ആരോഗ്യം, റവന്യൂ, വനം, പൊലീസ്, ഇറിഗേഷൻ, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടിക വർഗ വകുപ്പ്, പോലൂഷൻ, സിവിൽ സപ്ലൈസ്, ഫുഡ് സേഫ്റ്റി, വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പ് മേധാവികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
കോളറ വ്യാപനം സംശയിച്ച് അടച്ചിട്ട ഹോട്ടൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള അനുമതി നീട്ടി. പുറമെനിന്ന് സ്വന്തം ആവശ്യത്തിനുള്ള ശുദ്ധജലം എത്തിക്കാൻ തയാറുള്ള സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെയും ഫുഡ് സേഫ്റ്റിയുടെയും പരിശോധനക്ക് ശേഷം തുറക്കാൻ അനുമതി നൽകും. ഹോട്ടലിൽ നിന്നുള്ള അഴുക്കുജലം ആരോഗ്യപ്രശ്നം വരാത്തിടങ്ങളിൽ കൊണ്ടുപോയി കളയണം.
വഴിക്കടവ് ടൗണിലെ ജലനിധി കിണർ, കെട്ടുങ്ങൽ മുതൽ മുജാഹിദ് പള്ളി വരെയുള്ള ഡ്രൈനേജ് വൃത്തിയാക്കി വെള്ളം തടഞ്ഞുനിർത്തി മൂന്നുദിവസം തുടർച്ചയായി ക്ലോറിനേഷൻ ചെയ്യും. ട്രോമകെയർ സഹായത്തോടെ പൊതുമരാമത്ത്, പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തുക. വ്യാഴാഴ്ച രാവിലെ ശുചീകരണ പ്രവൃത്തി തുടങ്ങും. ജലനിധി പദ്ധതിയിലൂടെയുള്ള ജലവിതരണം നിർത്തിവെച്ചത് മൂന്നുദിവസം കൂടി തുടരും. ഗുണഭോക്താക്കളായ 250 കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റിയും പഞ്ചായത്തും ടാങ്കർ ലോറിയിൽ വ്യാഴാഴ്ച രാവിലെ മുതൽ വെള്ളം വിതരണം ചെയ്യും.
അടിയന്തര സാഹചര്യം കണക്കാക്കി പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ഇതിനായി തുക വകയിരുത്താം.
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ഇടം പരിശോധിച്ച് വൃത്തിഹീന സാഹചര്യം ഉണ്ടെങ്കിൽ ഒഴിവാക്കണം. ഇവർക്ക് പ്രതിരോധ ഗുളിക നൽകണം. കാരക്കോടൻ പുഴക്ക് ചേർന്നും അനുബന്ധവുമുള്ള മൂന്ന് ഹൈസ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വെള്ളം പരിശോധന നടത്തി ശുദ്ധമാണെന്ന് ഉറപ്പാക്കണം.
കോളറ രോഗം സംശയിക്കുന്ന പ്രദേശങ്ങളിലെ കിണറുകളും മറ്റു ജലസ്രോതസ്സുകളും മൂന്നു ദിവസം തുടർച്ചയായി ക്ലോറിനേഷൻ ചെയ്യണം. ഈ തീരുമാനങ്ങൾ സമയബന്ധിതമായി നടത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും ബ്ലോക്ക് തലത്തിൽ മോണിറ്ററിങ് കമ്മിറ്റിക്ക് രൂപം നൽകി. അതേസമയം, ബുധനാഴ്ച ഒരാൾക്കുകൂടി രോഗം സ്ഥിരികരിച്ചു.
ആറുപേരെ സമാന രോഗ ലക്ഷണവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യോഗത്തിൽ ജില്ല മെഡിക്കൽ ഓഫിസർ, നിലമ്പൂർ തഹസിൽദാർ, നിലമ്പൂർ ഡിവൈ.എസ്.പി, സൗത്ത് ഡി.എഫ്.ഒ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മറ്റു വകുപ്പ് മേധാവികൾ എനന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.