മലപ്പുറം: വിദ്യാർഥികൾക്ക് വിതരണം ചെയ്യാതെ സ്കൂളുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ ആദിവാസി കോളനികളിലും അന്തർ സംസ്ഥാന തൊഴിലാളികൾക്കും വിതരണം ചെയ്യണമെന്ന ജില്ല കലക്ടറുടെ ഉത്തരവിൽ അമ്പരന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പ്രധാനാധ്യാപകരും.
കുട്ടികൾക്ക് കൊടുക്കാതെ എവിടെയും അരി കെട്ടിക്കിടക്കുന്നില്ലെന്ന് അധികൃതർ പറയുന്നു. ഇത് സംബന്ധിച്ച് കണക്കെടുക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശം നൽകി.
എ.ഇ.ഒമാർ ഓരോ സ്കൂളിലെയും പ്രധാനാധ്യാപകരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. ലോക് ഡൗൺ നിയന്ത്രണങ്ങളാൽ മാത്രമാണ് വിതരണം വൈകിയതെന്നും അരിയും പലവ്യഞ്ജനങ്ങളും വീടുകളിലെത്തിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായും പ്രധാനാധ്യാപകർ പറയുന്നു.
ചൊവ്വാഴ്ചയാണ് കലക്ടറുടെ ഉത്തരവ് ഇറങ്ങിയത്. കോവിഡ് വ്യാപനം ഉൾപ്പെടെയുള്ള നിലവിലെ സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ വിവിധ സ്കൂളുകളിൽ കെട്ടിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനെന്ന അധികാരം ഉപയോഗിച്ച് ഇവ ആദിവാസി കോളനികളിലും അന്തർ സംസ്ഥാന തൊഴിലാളികൾക്കും മറ്റ് ആവശ്യങ്ങൾക്കും നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നതായും കലക്ടർ വ്യക്തമാക്കി.
കോവിഡ് മൂലം സ്കൂളിൽ അധ്യയനം നടക്കാത്ത 2020-21 വർഷത്തെ ഉച്ചഭക്ഷണ അരിയും പല വ്യഞ്ജനങ്ങളും കിറ്റായി വിദ്യാർഥികൾക്ക് വിതരണം ചെയ്തുവരികയായിരുന്നു. ഇതിെൻറ രണ്ടാം ഘട്ടമാണ് ഇപ്പോൾ നൽകുന്നത്.
കഴിഞ്ഞ അധ്യയന വർഷം ആദ്യ പാദത്തിൽ അരിയും പലവ്യഞ്ജന സാധനങ്ങളുമടങ്ങിയ കിറ്റ് വിദ്യാർഥികൾക്ക് നൽകിയിരുന്നു. സെപ്റ്റംബർ മുതലുള്ളത് നിലച്ചു. പിന്നീട് ഇക്കൊല്ലം മാർച്ചിൽ അരി മാത്രമാണ് എത്തിയത്. സ്കൂളിൽ കുട്ടികൾ വരാത്ത സാഹചര്യത്തിൽ കിറ്റിലേക്ക് വേണ്ട ഇതര ഭക്ഷ്യ വസ്തുക്കൾ കൂടിയെത്താൻ പ്രധാനാധ്യാപകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ, പിന്നീട് തെരഞ്ഞെടുപ്പ് തിരക്കുകളും ലോക് ഡൗണും വന്നതോടെ വിതരണം നീണ്ടെങ്കിലും പലവ്യഞ്ജനങ്ങൾ സപ്ലൈകോ അയച്ചുതുടങ്ങിയിട്ടുണ്ട്.
പ്രീ പ്രൈമറി കുട്ടികൾക്ക് അഞ്ചും ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ 15ഉം ആറ് മുതൽ എട്ട് വരെ 25ഉം കിലോ അരിയാണ് നൽകുന്നത്.
മേയ് 31നകം വിതരണം പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശമുണ്ട്. ഈ സാഹചര്യത്തിൽ ആർ.ആർ.ടികളുടെ സഹായത്തോടെ കിറ്റുകൾ ഓരോ കുട്ടിയുടെയും വീട്ടിൽ എത്തിക്കുകയാണ് പല സ്കൂൾ അധികൃതരും. എന്നാൽ, ദൂരെയുള്ള വിദ്യാർഥികൾക്ക് കൈമാറൽ വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ പൊലീസിെൻറ ഭാഗത്ത് നിന്ന് സഹകരണമുണ്ടായാലേ വിതരണം സുഗമമാവൂവെന്ന് പ്രധാനാധ്യാപകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.