കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിങ്ങിനെതിരെ വീണ്ടും വ്യാപക പരാതികൾ ഉയരുന്നു. നേരത്തേ, ടെർമിനലിന് മുൻവശത്ത് യാത്രക്കാരെ കയറ്റാനും ഇറക്കാനുമായി മൂന്ന് മിനിറ്റായിരുന്നു നിശ്ചയിച്ചത്. പ്രതിഷേധങ്ങൾക്കൊടുവിൽ ഇത് ആറ് മിനിറ്റായി വർധിപ്പിച്ചു. ഇതിന് ശേഷവും പാർക്കിങ്ങിന് കരാർ ഏറ്റെടുത്തവർക്കെതിരെ പരാതികൾ ആവർത്തിക്കുകയാണ്.
കഴിഞ്ഞ ദിവസവും പാർക്കിങ്ങിനെതിരെ പരാതികൾ സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നു. പാർക്കിങ് ഏരിയ ഉപയോഗിക്കാത്തവരിൽനിന്ന് പണം ഈടാക്കുന്നതായാണ് ആക്ഷേപം.
വിവിധ തരത്തിലാണ് പണം ആവശ്യപ്പെടുന്നത്. അരമണിക്കൂറിന് 20 രൂപയാണ് അതോറിറ്റി നിശ്ചയിച്ചത്. ഇതിന് വിരുദ്ധമായി കൂടുതൽ പണം ആവശ്യപ്പെടുന്നതായും പരാതികളുണ്ട്. പാർക്കിങ് ഏരിയ ഉപയോഗിക്കാത്തവരിൽനിന്നായി 20 രൂപ എൻട്രി ഫീസായും ഈടാക്കുന്നുണ്ട്. ജനപ്രതിനിധികൾ അടക്കമുള്ളവർ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് യാത്രക്കാരിൽ നിന്നുയരുന്ന ആവശ്യം.
അതേസമയം, പാർക്കിങ്ങുമായി ബന്ധപ്പെട്ട പരാതികളിൽ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം അറിയിച്ചു. നേരിട്ട് ലഭിക്കുന്ന പരാതികളിൽ ഇടപെടുന്നുണ്ട്. പാർക്കിങ്ങുമായി ബന്ധപ്പെട്ട വിഡിയോ അടക്കം ഉൾപ്പെടുത്തി പരാതികൾ നൽകാമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കാർ, മിനിബസ് എന്നീ വാഹനങ്ങൾക്ക് അരമണിക്കൂർ പാർക്കിങ്ങിന് 20 രൂപയാണ് ഇവിടെ ഈടാക്കുന്നത്. ഈ സംവിധാനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.