കെ. കുഞ്ഞാലി, കുഞ്ഞിപ്പ, ജവാൻ നാസർ

ജൂലൈ ഓർമകളിൽ സഖാവ് കുഞ്ഞാലിയും കുഞ്ഞിപ്പയും

കാളികാവ്: മലബാർ സമര സ്മരണകൾ നിറയുന്ന കാളികാവ് പ്രദേശത്തിന് ജൂലൈ മറക്കാനാവത്ത മൂന്ന് രക്തസാക്ഷികളുടെ ഓര്‍മ കൂടി പകർന്ന് നൽകുന്നു. ജന്മിത്ത വാഴ്ചക്കെതിരെയും ഭൂസമരങ്ങളിലൂടെയും ശ്രദ്ധേയനായ സഖാവ് കുഞ്ഞാലിയുടെയും മലപ്പുറം ഭാഷ സമരത്തില്‍ പൊലീസ് വെടിവെപ്പിൽ മരിച്ച സി.കെ. കുഞ്ഞിപ്പയുടെയും കാര്‍ഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്‍ അബ്ദുല്‍ നാസറിന്‍റെയും രക്തസാക്ഷിത്വങ്ങളാണ് ഉജ്ജ്വല സ്മരണകളായി നിലനില്‍ക്കുന്നത്.

1969 ജൂലൈ 26നാണ് ഏറനാട്ടിലെ കമ്യൂണിസ്റ്റ് നേതാവായ കെ. കുഞ്ഞാലി ചുള്ളിയോടുവെച്ച് എതിരാളികളുടെ തോക്കിനിരയാവുന്നത്. സംസ്ഥാനത്ത് എം.എൽ.എ ആയിരിക്കെ കൊല്ലപ്പെടുന്ന ആദ്യത്തെ നേതാവാണ് കുഞ്ഞാലി. രണ്ടുദിവസം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

ജന്മം കൊണ്ട് കൊണ്ടോട്ടി സ്വദേശിയായിരുന്നെങ്കിലും കാളികാവായിരുന്നു പ്രവർത്തനമേഖല. കാളികാവ് പഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡന്‍റായിരുന്നു. കുഞ്ഞാലി മന്ദിര നിർമാണം പൂർത്തീകരിച്ച് ഓഫിസിന് മുന്നിൽ അദ്ദേഹത്തിന്‍റെ പ്രതിമയും സ്ഥാപിച്ചു.

1980 ജൂലൈ 30ന് അറബിഭാഷ സംരക്ഷണത്തിനായി മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തിയ കലകടറേറ്റ് മാര്‍ച്ചിനിടയാണ് കാളികാവ് സ്വദേശി ചേന്ദംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ മരിച്ചത്. സമരക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ മജീദ്, റഹ്മാൻ എന്നിവർക്കൊപ്പം കുഞ്ഞിപ്പയും ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.

1999 ജൂലൈ 24നാണ് കാളികാവിലെ പൂതന്‍കോട്ടില്‍ മുഹമ്മദ്-ഫാത്തിമ സുഹ്‌റ ദമ്പതികളുടെ മകന്‍ 22കാരനായ അബ്ദുല്‍ നാസര്‍ കാര്‍ഗിലിലെ മഞ്ഞുമലകളില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

മൂന്നുതലങ്ങളില്‍ ശ്രദ്ധേയമായ വ്യക്തികളുടെ മരണം ഇന്നും പ്രദേശത്തേുകാര്‍ക്ക് മരിക്കാത്ത ഓർമയാണ്. മൂന്ന് പേർക്കും അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത് കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ്.

കുഞ്ഞാലി അനുസ്മരണം ജൂലൈ 28ന് കാളികാവില്‍ നടക്കും. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ സംബന്ധിക്കും. ജൂലൈ 30ന് ഭാഷ രക്തസാക്ഷി ദിനത്തില്‍ യൂത്ത്‌ലീഗ് കുഞ്ഞിപ്പ അനുസ്മരണ ചടങ്ങ് നടത്തും.

Tags:    
News Summary - Comrade Kunjali and Kunjippa in July memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.