മലപ്പുറം: ഫുട്ബാൾ ആരാധകർക്ക് കാൽപന്തുകളിയുടെ ആവേശക്കാഴ്ചയുടെ കാലമാണ്. ലോകകപ്പ് കഴിഞ്ഞാൽ ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന രണ്ട് ടൂർണമെന്‍റുകളാണ് യൂറോ കപ്പും കോപ അമേരിക്കയും. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്‍റീന, ബ്രസീൽ ടീമുകളുടെ പോരാട്ടം കാണാനാണ് കോപയിൽ കൂടുതൽപേർക്കും ഇഷ്ടം.
എന്നാൽ ലോകനിലവാരത്തിൽ ഏറ്റവും മികച്ച ടീമുകൾ ഏറ്റുമുട്ടുന്ന യൂറോ കപ്പിലെ എല്ലാ മത്സരങ്ങൾക്കും കാണികൾ ഏറെയാണ്. ജില്ലയിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിലും കൂട്ടായ്മകളുടെ കീഴിലും യൂറോ കപ്പ് മത്സരങ്ങൾ കാണാൻ പ്രത്യേക ഒരുക്കം നടത്തിയിട്ടുണ്ട്. വലിയ സ്ക്രീനും താത്കാലിക ഗാലറിയുമെല്ലാം ഒരുക്കിയാണ് ആരാധർ ഫുട്ബാൾ ആരവം കൊണ്ടാടുന്നത്.
കോപ അമേരിക്ക മത്സരങ്ങൾ ടി.വിയിൽ സംപ്രേഷണം ഇപ്രാവശ്യമില്ലാത്തത് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ടെങ്കിലും യൂറോ കപ്പിലെ തീപാറും പേരാട്ടങ്ങൾ അവർക്ക് മനം നിറയെ വലിയ സ്ക്രീനുകളിൽ കണ്ട് സന്തോഷിക്കാം. കോപയിൽ അർജന്‍റീനക്കും ബ്രസീലിനും തന്നെയാണ് ജില്ലയിൽ ആരാധകരുള്ളത്. ഈ രണ്ട് ടീമുകളും ക്വാർട്ടർ ഉറപ്പിച്ചു.
യൂറോ കപ്പിൽ കൂടുതൽ ആരാധകരുള്ള സ്പെയിൻ, ജർമനി, ഫ്രാൻസ്, പോർച്ചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെല്ലാം ക്വാർട്ടറിൽ ഇടം പിടിച്ചിട്ടുണ്ട്. അവസാന എട്ടിൽ സ്ഥാനം പിടിച്ച പ്രധാന ടീമുകളുടെ ആരാധകർ തങ്ങളുടെ ടീം കപ്പടിക്കുമെന്ന ഉത്തമ വിശ്വാസത്തിലാണ്. വെള്ളിയാഴ്ച തുടങ്ങുന്ന ക്വാർട്ടർ മത്സരങ്ങൾക്ക് മുന്നോടിയായി പ്രമുഖ ടീമുകളുടെ ആരാധകർ മനം തുറക്കുന്നു.
യൂറോ കപ്പിന്‍റെ ഫൈനലിലേക്ക് എത്താന്‍ സാധിക്കുന്ന പൂളിലാണ് നിലവില്‍ ഇംഗ്ലണ്ടുള്ളത്. ഇംഗ്ലണ്ടിന്റെ പ്രകടനം മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. ബുണ്ടസ് ലീഗ് ടോപ്പ് സ്‌കോറര്‍ ഹാരി കെയ്ന്‍, ലാ ലീഗയിലെ മികച്ച താരം ബെല്ലിംങ്ഹാം, പ്രീമിയര്‍ ലീഗിലെ മികച്ച താരം ഫൂഡന്‍, യുവ താരം കോള്‍ പാള്‍മര്‍ എന്നിവരെല്ലാം ഉണ്ടായിട്ടും ടീം ഗോള്‍ നേടുന്നതില്‍ ബുദ്ധിമുട്ടുന്നുണ്ട്. എന്നിരുന്നാലും മികച്ച പോരാട്ടം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ- മുഹമ്മദ് ജാസ്, അരീക്കോട് (ഇംഗ്ലണ്ട് ആരാധകൻ)
ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന യൂറോകപ്പിൽ ചാമ്പ്യൻഷിപ്പിൽ കുറഞ്ഞൊതൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഒത്തൊരുമയുള്ള മികച്ച ടീമാണ് കളിക്കാനിറങ്ങുന്നത്. പ്രതിസന്ധികളിൽ പതറാതിരിക്കാനുള്ള പറങ്കിപ്പടയുടെ കഴിവിനെ എതിരാളികൾ പോലും അംഗീകരിച്ചതാണ്. മികച്ച ഫോമിലുള്ള ഗോൾ കീപ്പർ കോസ്റ്റയുടെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസമാണ്. കലാശപ്പോരാട്ടത്തിൽ എതിരാളികളെ മലർത്തിയടിച്ച് പോർച്ചുഗൽ കിരീടം ചൂടും- കെ.പി. അമീൻ, തോട്ടുപൊയിൽ (പോർച്ചുഗൽ ആരാധകൻ)
2024 യൂറോകപ്പ് ഫൈനൽ മത്സരം കഴിയുന്നതോടെ സ്പെയിൻ നേടിയ യുറോകപ്പിന്‍റെ എണ്ണം ‘നാലാവും’. മികച്ച സ്ക്വാഡാണ് ടീമിനുള്ളത്. പകരക്കാരായി ഇറങ്ങാനുള്ളവർ വരെ മുൻനിര കളിക്കാരാണ്. ബോറടിപ്പിക്കുന്ന പാസിങ് ഗെയിമിന് പകരം മൂർച്ചയുള്ള ആക്രമണമാണ് ഇത്തവണത്തെ ടീമിന്‍റെ സവിശേഷത. നായകൻ അൽവാരോ മോറാട്ട- നിക്കോ വില്യംസ്- ലാമിനെ യമാൽ ത്രയം ടൂർണമെന്റിലെ ഏറ്റവും അപകടകരമായ മുന്നേറ്റനിരയായി മാറിക്കഴിഞ്ഞു. ഇക്കുറി ടീം കപ്പടിക്കാൻ സാധ്യതയേറെയാണ്- അഫീഫ്, കാപ്പുങ്ങൽ (സ്പെയിൻ ആരാധകൻ)
ലോകകപ്പ് ടീമിന്‍റെ പോരാട്ട വീര്യത്തിന്‍റെ ഓർമകളിൽ അർജന്‍റീന ഇനിയുള്ള പേരാട്ടം കനപ്പിക്കുമെന്ന് തന്നെയാണ് അഭിപ്രായം. മെസി ഗോളടിച്ചിട്ടില്ലെങ്കിലും മുന്നേറ്റനിരയിൽ വലിയ പ്രതീക്ഷയുണ്ട്. ബ്രസീലുമായി സ്വപ്ന ഫൈനൽ തന്നെയാണ് അർജന്‍റീനക്കാരുടെ ആഗ്രഹം. ഗോളിയുടെ മികവും ടീമിന്‍റെ ഒത്തിണക്കവുമെല്ലാം അർജന്‍റീനക്ക് ഗുണം ചെയ്യും- കെ. മൻസൂർ അലി, കോട്ടക്കൽ (അർജന്‍റീന ആരാധകൻ)
ബ്രസീൽ ടീം ഇപ്രാവശ്യം പുതുമുഖങ്ങളെ വച്ചാണ് പരീക്ഷണം നടത്തുന്നത്. എന്നിരുന്നാലും ടീമിന്‍റെ വിജയ പ്രതീക്ഷയിൽ ആരാധകർക്ക് സംശയമില്ല. ചെറിയ പോരായ്മകൾ ഉണ്ട് എന്നാലും ബ്രസീൽ ഉറുഗ്വേയ് മത്സരം ബ്രസീൽ ഫാൻസുകാരെക്കാളും കൂടുതൽ അർജൻറീന ഫാൻസുകാർ കാണാൻ പോകുന്ന ഒരു മത്സരം ആയിരിക്കും ഇത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീൽ വിജയിച്ച് കയറുക തന്നെ ചെയ്യും- തട്ടാരത്തൊടി ഷരീഫ്, താണിക്കൽ (ബ്രസീൽ ആരാധകൻ)
ഫ്രാൻസിന് നല്ല ഒരു സ്‌ക്വാഡുണ്ട്. ഫ്രാൻസിന് ഗ്രൂപ് സ്റ്റേജ്, റൗണ്ട് ഓഫ് 16ലും കാര്യമായ കളി കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ല. ഫ്രാൻസിന്‍റെ ഡിഫെൻസ് വളരെ മികച്ചതായിരുന്നു. അറ്റാക്കിങ്ങിൽ എമ്പാപ്പേ, ഗ്രീസ്മാൻ, ഡെമ്പലെ കൂട്ടുകെട്ട് ഉണ്ടാക്കാനായാൽ ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലുമായുള്ള കളി വളരെ എളുപ്പമാകും. പ്രധാന ടൂർണമെന്‍റുകളിൽ പതിഞ്ഞു തുടങ്ങി ആളികത്തുന്ന ഫ്രാൻസിന്‍റെ പതിവു ശൈലി ആവർത്തിമെന്നു പ്രതീക്ഷിക്കാം- കെ. മുഹമ്മദ് മുബാറക്, ചേവായൂർ (ഫ്രാൻസ് ആരാധകൻ)
വീഴ്ചകൾക്ക് ഇനി സ്ഥാനമില്ല. ജയം മാത്രം മുന്നോട്ടേക് നയിക്കും. കാത്തിരിക്കുന്നത് പുതുചരിത്രമാണ്. 2008ലെ എല്ലാ കണക്കുകൾക്കും ക്വാർട്ടറിൽ മറുപടി നൽകും. യൂറോ കപ്പിലെ ഇനിയുള്ള മത്സരങ്ങളിൽ തീ പാറുന്ന പോരാട്ടത്തിൽ ജർമനി വിജയതുരമണിയുമെന്ന് തന്നെയാണ് പ്രതീക്ഷ- കെ. അൻസബ് ലിയാക്കത്ത്, പുളിക്കൽ (ജർമനി ആരാധകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.