തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ മറ്റു പൊലീസ് ഉദ്യോഗസ്ഥർ ക്വാറൻറീനിൽ പോയില്ല. മേലുദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തതാണ് ക്വാറൻറീനിൽ പോകാൻ തടസ്സമായി നിൽക്കുന്നത്. വാക്സിൻ സ്വീകരിച്ച ഒരു എ.എസ്.ഐക്കും രണ്ട് പൊലീസുകാർക്കുമാണ് കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം കോവിഡ് പിടിപെട്ടവരാണ് മൂന്നുപേരും.
സ്റ്റേഷനിലെ ഏതാനും പൊലീസുകാർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതിൽ അഞ്ചോളം പൊലീസുകാർ പരിശോധന നടത്തി ഫലം കാത്തിരിക്കുകയാണ്. ലക്ഷണമുള്ളവരും നിലവിൽ ഡ്യൂട്ടിയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരോടൊപ്പം സ്ഥിരമായി ചെക്കിങ്ങിനും മറ്റും പോയ പൊലീസുകാരും ഇവിടെ ജോലി തുടർന്ന് കൊണ്ടിരിക്കുകയാണ്.
സമ്പർക്കം പുലർത്തിയവർ ക്വാറൻറീനിൽ പ്രവേശിക്കാൻ മേലുദ്യോഗസ്ഥരുടെ അനുമതി വേണം. ഇതുവരെ അത് ലഭിച്ചിട്ടില്ല. ഇതോടെ പൊലീസ് സ്റ്റേഷനിലെ മറ്റു ഉദ്യോഗസ്ഥരും ജനങ്ങളും ആശങ്കയിലാണ്.
സമ്പർക്കം പുലർത്തിയവരാണ് വാഹനപരിശോധനക്കും മറ്റും പുറത്തിറങ്ങുന്നത്. കൂടാതെ പൊലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനവുമായി ഇവർ ഇടപഴകുന്നുണ്ട്. ഇത് വലിയ ആശങ്കക്കാണ് വഴിവെക്കുന്നത്.കഴിഞ്ഞ വർഷം തിരൂരങ്ങാടി സ്റ്റേഷനിലെ നാൽപ്പതിലേറെ പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ടാഴ്ചയോളം സ്റ്റേഷൻ അടച്ചിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.