മലപ്പുറം: ആരാധനാലയങ്ങൾക്കും ഹോട്ടലുകൾക്കും മറ്റു കടകൾക്കുമൊക്കെ നിയന്ത്രണമേർപ്പെടുത്തുകയും സാധാരണക്കാരെ കണ്ണുരുട്ടി പിഴിയുകയും ചെയ്യുന്ന അധികൃതർ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റുകൾക്കു നേരെ കണ്ണടക്കുന്നു. മദ്യ വിൽപന കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയ ദിവസങ്ങളിൽ ചിലയിടങ്ങളിലൊക്കെ പൊലീസ് സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇപ്പോൾ എവിടെയും ഒരു നിയന്ത്രണവുമില്ല. സർക്കാറിന് ലാഭം കിട്ടുന്ന ഏർപ്പാടായതുകൊണ്ട് കോവിഡ് മാനദണ്ഡങ്ങളൊന്നുമില്ല. അത് നോക്കാൻ െപാലീസിനും സെക്ടറൽ മജിസ്ട്രേറ്റുമാർക്കും നേരവുമില്ല.
നൂറുകണക്കിനാളുകളാണ് നിത്യവും ഇവിടെയെത്തി മണിക്കൂറുകൾ വരിനിന്ന് മദ്യം വാങ്ങിേപ്പാവുന്നത്. മലപ്പുറം മുണ്ടുപറമ്പ് ബൈപാസിൽ രണ്ടു മദ്യവിൽപന കേന്ദ്രങ്ങളാണ് അടുത്തടുത്ത് പ്രവർത്തിക്കുന്നത്. ഒന്ന് താൽക്കാലികമായി അടച്ചതോടെ അവശേഷിക്കുന്ന കേന്ദ്രത്തിൽ ഏത് സമയവും 300ലധികം പേരാണ് ഒരു സാമൂഹിക അകലവുമില്ലാതെ വരി നിൽക്കുന്നത്.
ഇവർ വന്ന വാഹനങ്ങളുെട നീണ്ട നിരയാണ് റോഡിനിരുവശവും. എല്ലാ ദിവസവും ഇതാണവസ്ഥയെങ്കിലും അധികൃതരാരും തിരിഞ്ഞു നോക്കാറില്ലെന്ന് പരിസരവാസികൾ പറയുന്നു.
ജില്ലയിലെ പ്രധാന ഔട്ട്ലെറ്റുകൾക്ക് മുന്നിലെല്ലാം ഇതാണവസ്ഥ. ഏതെങ്കിലുമൊരു ഹോട്ടൽ ഏഴ് മണിക്ക് അടച്ചില്ലെങ്കിൽ അവിടെ പാഞ്ഞെത്തി പേടിപ്പിച്ച് ലൈറ്റ് അണച്ച് പോകുന്ന പൊലീസുകാരുള്ള നാട്ടിലാണിതെന്ന് കച്ചവടക്കാർ പറയുന്നു. നഷ്ടം സഹിച്ചാണ് പലരും പാർസൽ മാത്രം അനുവദനീയമായിട്ടും പ്രവർത്തിക്കുന്നത്.
കെട്ടിടവാടകയും പണിക്കാരുടെ കൂലിയും കഴിഞ്ഞാൽ മിച്ചമൊന്നുമുണ്ടാവില്ല. എന്നാൽ, അവിടെയൊക്കെ കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കാൻ കൃത്യമായി പാഞ്ഞെത്തുന്ന അധികൃതർ മദ്യ വിൽപന േകന്ദ്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നില്ല.
36 ദിവസം ജോലിയില്ലാതെ വീട്ടിലിരുന്ന ടൈൽസ് ജോലിക്കാരൻ ഒടുവിൽ തന്നെ തേടിയെത്തിയ പാതി ദിവസത്തെ പണി കഴിഞ്ഞ് മടങ്ങുന്ന ദിവസം മാസ്ക് താഴ്ന്നുപോയി എന്ന പേരിൽ കൂലിയായി കിട്ടിയ 600 രൂപക്ക് പുറമെ 400 രൂപ കൂടി ചേർത്ത് 1000 രൂപ പിഴ നൽകേണ്ടി വന്നിട്ടുണ്ട്.
അവശ്യ സാധന കടകളിലേക്കും ബാങ്കുകളിലേക്കുമൊക്കെ നൂറു കണക്കിനാളുകളാണ് വരുന്നത്. ഈ സാഹചര്യത്തിൽ മറ്റു കടകൾ മാത്രം അടച്ചിട്ടതുകൊണ്ട് എന്താണ് പ്രയോജനമെന്നാണ് ഹോട്ടലുടമകളും കച്ചവടക്കാരും ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.