തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി പ്ലാൻറിലെ സിലിണ്ടർ കയറ്റിറക്ക് തൊഴിലാളികൾ പണിമുടക്കി. ഇതോടെ പ്ലാൻറ് പ്രവർത്തനം രണ്ട് മണിക്കൂറോളം നിലച്ച് സിലിണ്ടർ വിതരണം മുടങ്ങി.
വേതന വ്യവസ്ഥ കാലാവധി അവസാനിച്ച സാഹചര്യത്തിൽ വേതനം വർധിപ്പിച്ച് കരാർ പുതുക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരരംഗത്തിറങ്ങിയത്.
വ്യാഴാഴ്ച തുടങ്ങിയ പ്രതിഷേധം വെള്ളിയാഴ്ച പണിമുടക്കിലേക്ക് എത്തുകയായിരുന്നു. വ്യാഴാഴ്ച എറണാകുളത്ത് റീജനൽ ലേബർ കമീഷണറുടെ അധ്യക്ഷതയിൽ വിളിച്ച യോഗത്തിൽ പ്ലാൻറ് പ്രതിനിധികൾ പങ്കെടുക്കാത്തതിനെ തുടർന്ന് ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് വെള്ളിയാഴ്ച തൊഴിലാളികൾ നിലപാട് കടുപ്പിച്ചത്. ശനിയാഴ്ചയോടെ പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് നിസഹകരണസമരത്തിൽ നിന്ന് തൽക്കാലം പിന്മാറിയത്.
കരാർ വ്യവസ്ഥ പ്രകാരം തൊഴിലാളികൾ ഒരു ലോഡിൽ 306 സിലിണ്ടറുകൾ കയറ്റിയാൽ മതി. എന്നാൽ, അഞ്ച് കിലോ സിലിണ്ടർ, ഫൈബർ സിലിണ്ടർ, ജംബോ സിലിണ്ടർ എന്നിവയെല്ലാം പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ കയറ്റാനും ഇറക്കാനും തൊഴിലാളികൾ തയാറായിരുന്നു.
ഇത് നിർത്തിയതോടെ ട്രക്ക് ഉടമകൾ ലോഡ് കയറ്റേണ്ടെന്ന നിലപാടിലെത്തി. അതോടെയാണ് പ്ലാൻറ് പ്രവർത്തനം നിലച്ചത്. വെള്ളിയാഴ്ച രാവിലെ 11 ഓടെ പ്ലാൻറ് മാനേജർ തൊഴിലാളി യൂനിയൻ പ്രതിനിധികളുടെ യോഗം വിളിച്ചാണ് ശനിയാഴ്ചയോടെ പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.