കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു പേർക്ക് ഡെങ്കിപ്പനി ബാധ. ഇവരിൽ രണ്ടുപേർ സുഖം പ്രാപിച്ചു, മൂന്നുപേർ ചികിത്സയിലും.അതേസമയം പകർച്ച ഭീഷണിയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൽക്കുണ്ട്, കണ്ണത്ത്, ചെമ്പൻകുന്ന് വാർഡുകളിലുള്ള മൂന്നുപേരാണ് ചികിത്സയിലുള്ളത്. ജില്ലയിലെ ഡെങ്കിപ്പനി പകർച്ച സാധ്യത കൂടുതലുള്ള ഗ്രാമപഞ്ചായത്താണ് കരുവാരകുണ്ട്. റബർ അടക്കമുള്ള കാർഷിക വിളകളുള്ള മലയോര പ്രദേശങ്ങൾ കൂടുതലുള്ളതാണ് കാരണം.
ഏപ്രിൽ അവസാനത്തോടെ തന്നെ കരുവാരകുണ്ടിൽ വേനൽ മഴ തുടങ്ങിയിട്ടുണ്ട്. എന്നാൽ പലകാരണങ്ങളാൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ യഥാസമയം നടത്താൻ ആരോഗ്യ വകുപ്പിന് സാധിച്ചില്ല. ഇതോടെ വെള്ളം കെട്ടിനിൽക്കാനും കൊതുകുകൾ മുട്ടയിടാനും തുടങ്ങി. മഴയെ തുടർന്ന് വരുന്ന വെയിൽ ഇതിന് അനുകൂല സാഹചര്യവുമുണ്ടാക്കി. കേരള എസ്റ്റേറ്റ്, കൽക്കുണ്ട്, കക്കറ മേഖലകളിലാണ് പകർച്ചപ്പനി കൂടുതൽ.
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രോഗബാധ പലമേഖലകളിൽ ആയതിനാൽ പകർച്ച സാധ്യതയില്ലെന്നും ആവശ്യമായ മുൻകരുതലും പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ ഇൻസ്പെക്ടർ കെ.എം. വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.