മലപ്പുറം: കലക്ടറേറ്റിലെത്തുന്നവർക്ക് ഇനി കോഫി കുടിക്കാൻ അധികം ഓടേണ്ട. കലക്ടറുടെ കോൺഫറൻസ് ഹാളിനോട് ചേർന്ന് ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ചാണ് ‘സ്നേഹത്തിന്റെയും കൈത്താങ്ങിന്റെയും’ പുതിയ കഫെ തുറക്കുന്നത്.
ഭിന്നശേഷിക്കാർക്കാണ് നടത്തിപ്പ് ചുമതല. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ജില്ല ഭരണകൂടം നടപ്പാക്കുന്ന ‘ഒപ്പം ഇനീഷ്യേറ്റീവ്’ പദ്ധതിയുടെ ഭാഗമായാണ് കലക്ടറേറ്റിന് സമീപം കഫെ പ്രവർത്തിക്കാൻ അനുമതി നൽകിയത്.
ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിശീലനവും പിന്തുണയും നൽകുകയും അതുവഴി ജീവിതസുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പി.എം.എസ്.എ.വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടിയിലെ എൻ.എസ്.എസ് യൂനിറ്റാണ് പോർട്ടബിൾ കഫെ സ്പോൺസർ ചെയ്തത്. കോഫി, ചായ, ചെറുകടികൾ എന്നിവയാണ് കഫേ വഴി വിൽപന നടത്തുക. സി.കെ. ഫൗസാനാണ് ഭിന്നശേഷി സൗഹൃദ കഫേ രൂപകൽപ്പന ചെയ്തത്.
വീൽചെയറിലിരുന്ന് കോഫി ഷോപ്പിന് നടുവിൽ അനായാസ രീതിയിൽ ചായ കൊടുക്കാനും കടികൾ നൽകാനും സൗകര്യമുള്ള രീതിയിലാണ് കഫെ നിർമിച്ചത്. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് കഫേയുടെ പ്രവർത്തനസമയം. ചൊവ്വാഴ്ച രാവിലെ പത്തിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം നിർവഹിക്കും. ജില്ല കലക്ടർ വി.ആർ. വിനോദ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.