മലപ്പുറം: ഡിജിറ്റൽ സർവേയുടെ ഘട്ടത്തിൽ രേഖകൾ നൽകാൻ വിട്ടുപോയവർക്ക് മലപ്പുറം വില്ലേജിൽ രേഖകൾ ഹാജരാക്കാൻ അവസരമൊരുക്കി അധികൃതർ. ഇതിന്റെ മലപ്പുറം വില്ലേജ് പരിധിയിൽ വരുന്ന നഗരസഭ വാർഡുകളിൽ പ്രത്യേക യോഗം വിളിക്കും. രേഖകൾ ഹാജരാക്കാൻ വിട്ടുപോയവർക്കാണ് യോഗം വിളിക്കുക.
ഈ യോഗത്തിൽ രേഖകൾ ലഭ്യമാക്കേണ്ട ആവശ്യകതയെ കുറിച്ച് ഭൂ ഉടമകളെ ബോധ്യപ്പെടുത്തും. രേഖകൾ ഹാജരാക്കാൻ വിട്ടു പോയാൽ തുടർന്ന് ഭൂമിയുടെ ക്രയവിക്രയ സമയത്തും നികുതി അടക്കുന്ന സമയത്തും ബന്ധപ്പെട്ട ഭൂഉടമകൾ വലിയ പ്രയാസം നേരിടേണ്ടി വരും. കൂടാതെ വിഷയം പരിഹരിക്കാൻ സാങ്കേതിക തടസ്സങ്ങളും ഉടമകൾക്ക് തിരിച്ചടിയാകും. ഇക്കാരണം മുൻനിർത്തിയാണ് വീണ്ടും അവസരം നൽകാൻ വില്ലേജ് അധികൃതർ തീരുമാനിച്ചത്.
നിലവിൽ സർവേ പൂർത്തീകരിച്ചപ്പോൾ പല വാർഡുകളിലും ചില സ്ഥലങ്ങൾക്ക് ഭൂഉടമകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് രേഖകൾ ശേഖരിച്ച് പ്രശ്നം പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നത്.
ജില്ലയിൽ ആകെ 35 വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ പുരോഗമിക്കുന്നത്. 18 വില്ലേജുകളിൽ എണ്ണത്തിൽ സർവേ പൂർത്തീകരിച്ച് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. 17 വില്ലേജുകളിൽ സർവേ പുരോഗമിക്കുകയാണ്. ഏറനാട്, പെരിന്തൽമണ്ണ താലൂക്കുകളിൽനിന്ന് ഓരോന്ന് വീതവും, പൊന്നാനി താലൂക്കിൽ നാല്, തിരൂർ താലൂക്കിൽ 12ഉം അടക്കം18 ഇടങ്ങളിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഏറനാടിൽ മലപ്പുറം വില്ലേജിൽ മാത്രമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഏറനാട് താലൂക്കിലെ എടവണ്ണ, വെറ്റിലപ്പാറ, പാണക്കാട്, പെരകമണ്ണ, ഊര്‍ങ്ങാട്ടിരി എന്നിവിടങ്ങളിൽ പട്ടിക പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.