കാടാമ്പുഴ: വെട്ടിച്ചിറ-മുഴങ്ങാണി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി നവംബറിൽ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കരാർ കമ്പനിയായ കെ.എൻ.ആർ.സി.എൽ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.
ദേശീയ പാത നിർമാണത്തിന് മുഴങ്ങാണിയിൽനിന്ന് മണ്ണെടുത്ത് വലിയ വാഹനങ്ങൾ നിരന്തരമായി പോയതാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള വെട്ടിച്ചിറ-മുഴങ്ങാണി ചേലക്കുത്ത് റോഡിന്റെ തകർച്ചക്ക് ആക്കം കൂട്ടിയത്. ജില്ല വികസന സമിതി യോഗങ്ങളിലും നിയോജകമണ്ഡലത്തിൽ വിളിച്ചുചേർത്ത വിവിധ വകുപ്പ് യോഗങ്ങളിലും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അധികൃതരോടും എം.എൽ. എ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
മാറാക്കര പഞ്ചായത്ത് ഭരണ സമിതി നേരത്തെ കരാർ കമ്പനിയുമായി സംസാരിക്കുകയും കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ റോഡ് പ്രവൃത്തി ചെയ്യുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനപ്രതിനിധികൾ ഇപ്പോൾ വീണ്ടും കരാർ കമ്പനിയുമായി സംസാരിച്ചത്.
നവംബറിൽ റോഡ് പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കരാർ കമ്പനി പ്രോജക്ട് കോഓഡിനേറ്റർ വെങ്കിട്ട റെഡ്ഡി കെ.എൻ.ആർ.സി ഓഫിസിലെത്തിയ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.
നവംബർ 15ന് ആരംഭിച്ച് 30 ഓടെ പ്രവൃത്തി നടത്തുമെന്നാണ് കരാർ കമ്പനി ജനപ്രതിനിധികൾക്ക് രേഖാമൂലം ഉറപ്പ് നൽകിയത്. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ, വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ എ.പി. ജാഫർ അലി, എം.എൽ.എയുടെ പ്രതിനിധി ജുനൈദ് പാമ്പലത്ത്, മൂർക്കത്ത് അഹമ്മദ്, കബീർ മണ്ടായപ്പുറം, ശിഹാബ് മങ്ങാടൻ എന്നിവരുടെ നേതൃത്വത്തിലാണ് കരാർ കമ്പനിയുമായി സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.