ചേലേമ്പ്ര: പെരുന്നാൾ ദിവസമെത്തിയിട്ടും കുടിവെള്ള വിതരണം നടത്താൻ അനുമതി കിട്ടാതെ ഗ്രാമപഞ്ചായത്തുകൾ കുടിവെള്ള വിതരണം നടത്തുന്നതിന് വേണ്ടി ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് നടപടികൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിക്കായുള്ള കാത്തിരിപ്പ് തുടരുന്നു.
കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളുടെ പട്ടികയും ഭരണസമിതി തീരുമാനവും ജോയന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത് മുഖേനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നൽകിയതുമാണ്. ബേപ്പൂർ, ചേളാരി ജലസംഭരണികളിൽനിന്നും വെള്ളം എടുക്കാനായി കേരള വാട്ടർ അതോറിറ്റിയിൽനിന്നും അനുമതിയും ലഭ്യമാക്കി. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വാഹനസൗകര്യങ്ങൾ ഏർപ്പാടാക്കി. വാർഡുകളിൽ വെള്ളം വിതരണം ചെയ്യുന്നതിന്റെ മേൽനോട്ട ചുമതല കുടുംബശ്രീയെ ഏൽപ്പിച്ചു. പെരുന്നാളും വിഷുവും ഒന്നിച്ചുവരുന്ന സാഹചര്യത്തിൽ കുടിവെള്ളത്തിനായി ജനം ഏറെ പ്രയാസപ്പെടുന്ന വിവരം കലക്ടറേയും പി. അബ്ദുൽ ഹമീദ് എം.എൽ.എയെയും പ്രത്യേകമായി അറിയിച്ചതാണ്. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല.
ജലനിധി കുടിവെള്ള വിതരണം മുടങ്ങിട്ട് മാസങ്ങൾ പിന്നിട്ടു. ഉയർന്ന പ്രേദേശങ്ങളിൽ മാസങ്ങൾക്ക് മുമ്പ് തന്നെ കിണർ വെള്ളം വറ്റിയിട്ടുമുണ്ട്. പെരുന്നാളിന് മുമ്പ് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ വെള്ളമില്ലാതെ പെരുന്നാൾ ദിനത്തിൽ എന്തുചെയ്യുമെന്ന് അറിയാതെ ആശങ്കയിലാണ് നാട്ടുകാർ. വിഷു ആഘോഷവും വെള്ളമില്ലാതെ നട്ടം തിരിയേണ്ട ഗതികേട് ആണുള്ളത്. കുടിവെള്ള വിതരണത്തിന് ഉടൻ നടപടികൾ ഉണ്ടാകണമെന്ന് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറ വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.