മലപ്പുറം: വിപുലമായ സജ്ജീകരണങ്ങളാണ് ഓരോ വിതരണ- സ്വീകരണ കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഓരോ വിതരണ കേന്ദ്രങ്ങളിലും 12-14 പോളിങ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടർ എന്ന ക്രമത്തിൽ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ കൗണ്ടറിലും അനുവദിക്കപ്പെട്ട പോളിങ് സ്റ്റേഷനുകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കും. ഓരോ പോളിങ് സ്റ്റേഷനിലേക്കും അലോട്ട് ചെയ്യുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വിവരം അതത് വിതരണ കേന്ദ്രങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കും. സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കുടിവെള്ളം, ലഘു ഭക്ഷണ ശാല, ഹെല്പ് ഡെസ്ക്, അടിയന്തര ചികിത്സ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
കൂടാതെ പോളിങ് ഉദ്യോഗസ്ഥരെ കൊണ്ടുപോകാനുള്ള വാഹനത്തിന്റെ റൂട്ട് നമ്പര്‍, റൂട്ട് ഓഫിസറുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലവും വിതരണ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും. പോളിങ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫിസര്‍/ ഫസ്റ്റ് പോളിങ് ഓഫിസര്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ട ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും പ്രത്യേകം ഹെൽപ്പ് ഡെസ്കും പ്രവര്‍ത്തിക്കും. പോളിങ് ഡ്യൂട്ടി കഴിഞ്ഞ് സ്വീകരണ കേന്ദ്രങ്ങളിൽ സാമഗ്രികള്‍ തിരിച്ചേല്‍പ്പിച്ച ശേഷം പോളിങ് ഉദ്യോഗസ്ഥർക്ക് അവരുടെ വീടുകളിൽ എത്തിച്ചേരാനുള്ള വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടു യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ നടക്കും. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും വോട്ടിങ് മെഷീന്, വി.വി.പാറ്റ് മെഷീന് എന്നിവയുടെ വിതരണ ചുമതല ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ക്കുമാണ്. പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ശേഷം ഉദ്യോഗസ്ഥരെ പ്രത്യേകം വാഹനങ്ങളില്‍ പോളിങ് ബൂത്തുകളില്‍ എത്തിക്കും. പോളിങ് ഉദ്യോഗസ്ഥരുടെ യാത്രാവേളയില്‍ പൊലീസും റൂട്ട് ഓഫിസറും അനുഗമിക്കും.
വിതരണ-സ്വീകരണ
കേന്ദ്രങ്ങള്‍
കൊണ്ടോട്ടി - (ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മേലങ്ങാടി കൊണ്ടോട്ടി), മഞ്ചേരി - (ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി- ഹൈസ്കൂള്‍), പെരിന്തൽമണ്ണ - (ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പെരിന്തൽമണ്ണ), മങ്കട - (ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പെരിന്തൽമണ്ണ), മലപ്പുറം - (ഗവ. കോളജ് മലപ്പുറം), വേങ്ങര - (കെ.എം. മൗലവി മെമ്മോറിയൽ ഓർഫനേജ് അറബിക് കോളജ്, തിരൂരങ്ങാടി), വള്ളിക്കുന്ന് - (ഗവ. ഹയർ സെക്കൻഡറി സ്കൂൾ തിരൂരങ്ങാടി), ഏറനാട് - (ജി.യു.പി.എസ് ചുള്ളക്കാട് മഞ്ചേരി), നിലമ്പൂർ, വണ്ടൂർ- (മാർത്തോമ എച്ച്.എസ്.എസ് ചുങ്കത്തറ), തിരൂരങ്ങാടി - (തിരൂരങ്ങാടി ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ), തിരൂർ, താനൂർ, കോട്ടക്കൽ - (സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക് കോളജ് തിരൂർ), തവനൂർ- (കേളപ്പജി കോളജ് ഓഫ് അഗ്രികൽച്ചർ എൻജിനീയറിങ് ആൻഡ് ടെക്നോളജി), പൊന്നാനി - (അച്യുത വാര്യർ ഹയർ സെക്കൻഡറി സ്കൂൾ പൊന്നാനി). പൊന്നാനി ലോക്സഭ മണ്ഡലത്തിൽ ഉള്‍പ്പെട്ട പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളജ് പട്ടാമ്പിയാണ് പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രം.
മലപ്പുറം: പോളിങ് ഡ്യൂട്ടിയുള്ള, ഇതു വരെ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് വ്യാഴാഴ്ച പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമേര്‍പ്പെടുത്തിയതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ അറിയിച്ചു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങള്‍ക്കുമായി പ്രത്യേകം വിതരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡ്യൂട്ടിയുള്ള, ഇതു വരെ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന സെന്ററുകളില്‍ വോട്ട് രേഖപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.