മലപ്പുറം: വന്ധ്യംകരണം നിലച്ചതോടെ, തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം ജില്ലയിൽ പെരുകുന്നു. ഉറക്കംതൂങ്ങി ജില്ല ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും തദേശഭരണ സ്ഥാപനങ്ങളും. കഴിഞ്ഞ ദിവസം പുളിക്കൽ, ചെറുകാവ് പഞ്ചായത്തുകളിൽ മൂന്ന് മണിക്കൂറിനിടെ, 15 ലധികം പേർക്കാണ് കടിയേറ്റത്. വീടിനകത്തുവരെ കയറി വീട്ടമ്മമാരെ കടിച്ച സംഭവങ്ങളുണ്ട്. ജില്ലയുടെ മറ്റു ഭാഗങ്ങളിലും തെരുവുനായ് ആക്രമണം രൂക്ഷമാണ്. പലേടത്തും പേവിഷ ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ജില്ലയിൽ അനിമൽ ബെർത്ത് കൺട്രോൾ സെന്റർ (എ.ബി.സി) സ്ഥാപിക്കാൻപോലും അധികൃതർക്ക് സാധിച്ചിട്ടില്ല. സ്ഥലപരിമിതി കാരണം മങ്കട കടന്നമണ്ണ മൃഗാശുപത്രിയോടു ചേർന്ന് എ.ബി.സി കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. സ്ഥല ലഭ്യമല്ലാത്തതാണ് പ്രശ്നം. ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും എ.ബി.സി കേന്ദ്രം തുടങ്ങാൻ 2022 ഒക്ടോബറിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചിരുന്നു. മൃഗാശുപത്രി പരിധികളിലെ തദ്ദേശ സ്ഥാപനങ്ങളോട് അന്തിമ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ആരും തയാറായി വന്നില്ല. തെരുവുനായ്ക്കളെ കൂട്ടത്തോടെ ഒരിടത്തേക്ക് കൊണ്ടുവരുന്നത് ജനങ്ങളുടെ എതിർപ്പിന് കാരണമാകുമോ എന്ന പഞ്ചായത്തുകളുടെ ആശങ്കയാണ് പ്രശ്നം. എ.ബി.സി കേന്ദ്രം തുടങ്ങാൻ വൈകുന്നതിനാൽ, തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ എൻ.ജി.ഒകളെ ചുമതലപ്പെടുത്താൻ ജില്ല പഞ്ചായത്ത് തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.
മന്ത്രി വാക്കുപാലിച്ചില്ല
കഴിഞ്ഞ ജൂണിൽ തെരുവുനായ് ആക്രമണത്തിൽ കണ്ണൂരിൽ ഭിന്നശേഷിക്കാരനായ ബാലൻ മരിച്ചതിനെതുടർന്ന് സർക്കാർ വന്ധ്യംകരണത്തിന് മുന്നിട്ടിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിക്കുന്ന സി.ആർ.പി.സി 133 എഫ് വകുപ്പിന്റെ അടിസ്ഥാനത്തിൽ തെരുവുനായ്കളെ കൊല്ലാനുള്ള സാധ്യത സര്ക്കാര് ആലോചിക്കുമെന്ന് തദേശഭരണ മന്ത്രി എം.ബി. രാജേഷ് ഉറപ്പുനൽകിയതാണ്.
പിന്നീട് ഇതുസംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടായില്ല. പുതുതായി 25 എ.ബി.സി സെന്ററുകൾ ഉടൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും ജനസംഖ്യയിൽ ഒന്നാമതുള്ള മലപ്പുറത്തുപോലും ഒരു സെന്റർ തുടങ്ങാൻ സർക്കാറിന് കഴിഞ്ഞില്ല.
പുതുതായി 1000 പേർക്കുകൂടി പട്ടിപിടുത്തത്തിൽ പരിശീലനം നൽകുമെന്ന ഉറപ്പും വാഗ്ദാനത്തിലൊതുങ്ങി. വന്ധ്യംകരണത്തിന് സർക്കാർ ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും എ.ബി.സി കേന്ദ്രങ്ങളും പട്ടിപിടുത്തക്കാരും ഇല്ലാത്തതതിനാൽ പദ്ധതികൾ തന്നെ നിഷ്ഫലമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.