മലപ്പുറം: കോട്ടക്കുന്നിലെ മണ്ണിടിച്ചിൽ പ്രശ്നം പരിഹരിക്കാനുള്ള ഓട നിർമാണത്തിന് തദ്ദേശ വകുപ്പ് (എൽ.എസ്.ജി.ഡി) എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർവഹണ ചുമതല നൽകി ജില്ല കലക്ടറുടെ ഉത്തരവ്. ആഗസ്റ്റ് 29നാണ് ജില്ല കലക്ടർ ഉത്തരവിറക്കിയത്. മണ്ണിടിച്ചിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓട നിർമിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2.03 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ)യുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി (എസ്.ഇ.സി)യുടെ അംഗീകാരത്തോടെ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ (എസ്.ഡി.എം.എഫ്) നിന്നാണ് പദ്ധതിക്ക് പണമനുവദിച്ചത്. റവന്യൂ വകുപ്പിന്റെ ഫീൽഡ് സർവേയുടെ അടിസ്ഥാനത്തിലാണ് കോട്ടക്കുന്നിൽ മുകളിൽ പെയ്തിറങ്ങുന്ന മഴവെള്ളം ഒഴുകിപോകാൻ ഓട ഒരുക്കാമെന്ന് കണ്ടെത്തിയത്.
പദ്ധതി പ്രകാരം പ്രദേശത്ത് പെയ്തിറങ്ങുന്ന വെള്ളം ഒഴുകുന്നതിന് വീതിയിലും ആഴത്തിലും അഴുക്കുചാൽ ഒരുക്കി കോട്ടപ്പടി വലിയ തോടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഓട നിർമാണത്തിന് മുന്നോടിയായി നഗരസഭ അധികൃതർ പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്.
കോട്ടക്കുന്നിന് മുകൾഭാഗത്തെ വെള്ളം ഒഴുകാനുള്ള സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടതാണ് മണ്ണിടിച്ചിലിന് പ്രധാന കാരണമെന്ന് സെന്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് (സി.എസ്.ആർ.ഡി.) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.