തേഞ്ഞിപ്പലം: വേനലിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടിലായതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ തേഞ്ഞിപ്പലം പഞ്ചായത്തിൽ പ്രശ്നപരിഹാരം. ജില്ല കലക്ടറുടെ അനുമതി ലഭ്യമായതോടെ ബുധനാഴ്ച മുതൽ ജലവിതരണം തുടങ്ങും. യു.ഡി എഫ് അധികാരത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് ആരോപണം ഉന്നയിച്ച് സമരത്തിന് ഇറങ്ങിയതോടെ കുടിവെള്ള വിവാദത്തിന് ചൂടുപിടിച്ചിരുന്നു. ഇതിനിടെ ചൊവ്വാഴ്ച പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് ജലവിതരണ കരാർ ഉറപ്പിക്കുകയും കലക്ടറുടെ അനുമതി ലഭ്യമാക്കുകയുമായിരുന്നു.
എന്നാൽ കുടിവെള്ള വിതരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ അനാസ്ഥ കാട്ടിയപ്പോൾ ജില്ല കലക്ടറെ നേരിട്ട് ബന്ധപ്പെട്ട് തങ്ങളാണ് അനുമതി നേടിയെടുത്തതെന്ന അവകാശവാദവുമായി എൽ.ഡി.എഫ് പ്രതിനിധികളായ പഞ്ചായത്ത് അംഗങ്ങൾ രംഗത്തെത്തി. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ജില്ല ഭരണകൂടത്തിന്റെയും അനുമതി ലഭിക്കാതെ ജലവിതരണം നടത്താനാകില്ലെന്ന യാഥാർത്ഥ്യം മറച്ചുവെച്ച് എൽ.ഡി.എഫ് രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന് ഭരണസമിതിയിലെ യു.ഡി.എഫ് അംഗങ്ങൾ പ്രതികരിച്ചു. അതേസമയം മുസ്ലിം ലീഗിലെ ഗ്രൂപ്പിസമാണ് ജലവിതരണത്തിൽ റീ ടെൻഡർ നൽകാനുള്ള തീരുമാനത്തിന് പിന്നിലെന്നും ജനകീയ പ്രതിഷേധം ഭയന്നാണ് ഒടുവിൽ നേരത്തെ കരാർ നൽകിയ വ്യക്തിയെ തന്നെ ചുമതലപ്പെടുത്തിയതെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
ഒരുലിറ്റർ വെള്ളം വാഹനത്തിൽ കൊണ്ടുപോയി വിതരണം ചെയ്യാൻ 38 പൈസയാണ് കരാറുകാരൻ ആവശ്യപ്പെട്ടിരുന്നത്. ഇത് 23 പൈസയാക്കി കുറച്ചാണ് അന്തിമ തീരുമാനത്തിലെത്തിയതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. എന്നാൽ എൽ.ഡി. എഫ് പ്രതിഷേധം കാരണമാണ് പ്രശ്നപരിഹാരമുണ്ടായതെന്നാണ് പ്രതിപക്ഷ വാദം.
തേഞ്ഞിപ്പലം: മാർച്ച് 23ന് ചേർന്ന തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി ജലവിതരണത്തിനുള്ള ടെൻഡർ അംഗീകരിച്ചെങ്കിലും ജില്ല കലക്ടറുടെ അനുമതി ലഭ്യമാക്കുന്നതിൽ അനാസ്ഥ കാട്ടി കാലതാമസം വരുത്തിയെന്ന് എൽ.ഡി.എഫ്. പല പഞ്ചായത്തുകളും കലക്ടറുടെ അനുമതി നേരിട്ടും, ഫോണിലൂടേയും വാങ്ങുമ്പോൾ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് അത്തരത്തിൽ ഒരു ഇടപെടലും നടത്തിയില്ലെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
മുസ്ലിം ലീഗിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം വൈകാൻ ഇടയായത്. അജ്നാസ് എന്ന വ്യക്തിക്ക് ലഭിച്ച ടെൻഡർ ലീഗിലെ ഒരു വിഭാഗത്തിന് സ്വീകാര്യമായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു വ്യക്തിക്ക് ടെൻഡർ നൽകാൻ റീടെൻഡർ നടപടികളിലേക്ക് നീങ്ങാനായി പ്രസിഡന്റ് അടിയന്തിര ബോഡ് മീറ്റിങ് വിളിക്കാൻ തീരുമാനിച്ചത്. റീ ടെൻഡർ നടപടിയിലേക്ക് കടന്നാൽ ഇനിയും ആഴ്ചകൾ വെള്ളത്തിനായി കാത്തിരിക്കേണ്ടതായി വരും. അത്തരം നടപടികളുമായി പോയാൽ പഞ്ചായത്ത് സ്തംഭിപ്പിക്കുന്ന സമരവുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പു നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പഞ്ചായത്തിൽ യോഗം ചേരുകയും വലിയ പ്രതിഷേധം മുന്നിൽ കണ്ട് കരാർ എടുത്ത വ്യക്തിക്ക് തന്നെ കരാർ നൽകി അംഗീകരിക്കുകയായിരുന്നുവെന്ന് എൽ.ഡി.എഫ് അംഗങ്ങളായ എം. ബിജിത, പി.എം. നിഷാബ്, കെ. ഹലീമ, സി.എം. മുബഷിറ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.