മലപ്പുറം: കുട്ടികള്‍ ലഹരിക്കായി മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍, ഷെഡ്യൂള്‍ എച്ച്, എച്ച് 1, എക്സ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ വില്‍ക്കുന്ന ജില്ലയിലെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ ജില്ല കലക്ടര്‍ വി.ആര്. വിനോദ് ഉത്തരവിട്ടു. സി.ആര്.പി.സി സെക്ഷന്‍ 133 പ്രകാരമാണ് ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ല കലക്ടറുടെ ഉത്തരവ്. ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്സ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ വില്‍ക്കുന്ന കടകളും ഫാര്‍മസികളും കടക്ക് പുറത്തും അകത്തും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണം. ഇതിനായി കടയുടമകള്‍ക്ക് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കാൻ ജില്ല ഡ്രഗ്സ് കണ്ട്രോള് അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റെക്കോര്‍ഡ് ചെയ്യുന്ന കാമറ ഫൂട്ടേജുകള്‍ ജില്ല ഡ്രഗ്സ് വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ പൊലീസ് ഓഫിസര്‍ക്കും ഏതു സമയത്തും പരിശോധിക്കാം. സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാത്ത കടയുടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ദേശീയ സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം 2019 ല്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ മലപ്പുറം അടക്കം ആറു ജില്ലകളില്‍ ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്സ് വിഭാഗത്തില്‍ പെട്ട മരുന്നുകളുടെ ദുരുപയോഗം കൂടുതലാണെന്ന് കണ്ടെത്തുകയും ഈ ജില്ലകളെ വള്‍നറബിലിറ്റി പട്ടികയിൽ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. രജിസ്ട്രേറ്റ് മെഡിക്കല്‍ പ്രാക്ടീഷണറുടെ കുറിപ്പടിയില്ലാതെ എച്ച്, എച്ച്1, എക്സ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ വില്‍ക്കുന്നത് കണ്ടെത്താനും തടയാനും മരുന്നു കടകളിലും ഫാര്‍മസികളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയും (എന്‍.സി.പി.സി.ആര്) ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.