താനാളൂർ: താനാളൂരിൽ തെരുവുനായ് എട്ടുപേരെ കടിച്ചു പരിക്കേൽപിച്ചു. ചൊവ്വാഴ്ച വൈകീട്ട് താനാളൂർ അങ്ങാടിയിലും പരിസരത്തെ വീടുകളിലുമുള്ളവർക്കാണ് കടിയേറ്റത്. വെള്ളിയത്ത് മറിയാമു (65), പറമ്പിൽ അബ്ദുറഹിമാൻ (50), നെല്ലിക്കൽ ഇയ്യാത്തുമ്മു (48), കെ.എൻ. മുനവ്വർ തങ്ങൾ (24) എന്നിവർക്കും ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു കുട്ടിക്കുമാണ് പരിക്കേറ്റത്. ചിലരുടെ പരിക്കുകൾ സാരമുള്ളതാണ്. പരിക്കേറ്റവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കെ.ടി ജാറം പരിസരത്ത് പനങ്ങാടന്റകത്ത് റഫീഖിന്റെ ഭാര്യ ജസീല (33) അടക്കം ആറ് പേരെയാണ് അക്രമിച്ചത്. രാവിലെ താനാളൂരിലെ വരിക്കോട്ടിൽ കുഞ്ഞാലി (50), കടാച്ചേരി ഉബൈദിന്റെ മകൾ ഫാത്തിമ ഫൈഹ (അഞ്ച്) എന്നിവരെയും കടിച്ചു പരിക്കേൽപ്പിച്ചു. ഒരു പോത്തിനും കടിയേറ്റു.രണ്ടുദിവസം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ നായയെ ഉച്ചക്ക് ശേഷം അടിച്ചുകൊന്നു.തെരുവുനായ്ക്കളുടെ ശല്യം ആവർത്തിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.
താനാളൂർ: തെരുവുനായ് ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് താനാളൂർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. കഴിഞ്ഞ നവംബറിൽ വട്ടത്താണി കമ്പനിപ്പടിയിലെ ഒരുകുട്ടിയെ തെരുവുനായ് കടിച്ചിരുന്നു. പരിഹാരം ആവശ്യപ്പെട്ട് അന്ന് യു.ഡി.എഫ് പരാതി നൽകിയിരുന്നു. പക്ഷേ, പഞ്ചായത്ത് അധികാരികളുടെ നിസ്സംഗത മൂലം തുടർ നടപടികൾ സ്വീകരിച്ചില്ല.
രണ്ട് ദിവസങ്ങളിലായി എട്ടുപേർക്കാണ് കടിയേറ്റത്. ജനങ്ങളുടെ ജീവന് രക്ഷ നൽകുക എന്നത് പ്രാദേശിക സർക്കാറിന്റെ പ്രഥമ ബാധ്യതയാണെന്നും ജനങ്ങളെ ഭീതിയിലാക്കുകയാണ് പഞ്ചായത്ത് അധികാരികളെന്നും മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. ഉപരോധ സമരത്തിന് കെ.വി. മൊയ്തീൻ കുട്ടി, ടി.പി.എം. മുഹ്സിൻ ബാബു, കെ. ഉവൈസ്, കുഞ്ഞു മീനടത്തൂർ, വി. ആരിഫ്, സുലൈമാൻ ചാത്തേരി, കുഞ്ഞിപ്പ തെയ്യമ്പാടി, വി.പി. ലത്തീഫ്, എം.എം. കാസിം, ടി. അബ്ദുല്ല, ലുഖ്മാനുൽ ഹകീം, സമീർ ആലങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി.
താനാളൂർ: താനാളൂരിൽ പേ വിഷബാധക്കെതിരെയുള്ള വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.ജംഷീർ തുറുവായിൽ അധ്യക്ഷത വഹിച്ചു. കെ. ഉവൈസ്, മുഫീദ്, അയ്യൂബ് മീനടത്തൂർ, റിൻഷാദ് പകര, റഷീദ് തട്ടാരക്കൽ, ജിൽഷാദ് ഉള്ളാട്ടിൽ, സി. ശിഹാബ്, റഷീദ് അരീക്കാട്, മുജീബ്, വി.പി. മുദീർ, ആബിദ് പുത്തൻതെരുവ്, മുക്താർ അരീക്കാട്, മുസ്തഫ പകര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.