വണ്ടൂർ: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായെത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ റോഡ് ഷോയുമായി ബന്ധപ്പെട്ട് വണ്ടൂർ അങ്ങാടിയിൽ ബി.ജെ.പി പരസ്യ ഫ്ലക്സ് ബോർഡുകളും കൊടികളും സ്ഥാപിച്ചതിനെതിരെ യു.ഡി.എഫും സി.പി.എമ്മും രംഗത്ത്. അങ്ങാടിയിലെ നാലു റോഡുകളിലുമാണ് ബി.ജെ.പി പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യാപകമായി കൊടികളും ഫ്ലക്സുകളും സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം അങ്ങാടിയിൽ സ്ഥാപിച്ച മുഴുവൻ കൊടിതോരണങ്ങളും ഫ്ലക്സുകളും ആന്റി എൻഫോഴ്സ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് നാല് റോഡുകളിലുമായി ബി.ജെ.പി പ്രവർത്തകർ നൂറോളം പരസ്യ ബോർഡുകൾ സ്ഥാപിച്ചത്. യു.ഡി.എഫും എൽ.ഡി.എഫും പരാതിയുമായി രംഗത്തെത്തിയതോടെ രാവിലെ ഇവ നീക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. എന്നാൽ ഇവരെ ബി.ജെ.പി നേതാക്കൾ തടയുകയായിരുന്നു. അതേസമയം ജില്ല കലക്ടർമാരുടെ അനുവാദം വാങ്ങിയാണ് ബോർഡുകൾ സ്ഥാപിച്ചതെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി കെ. സുനിൽ ബോസ് പറഞ്ഞു. ഇത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലെ ഒത്തുകളിയാണെന്ന് എ.പി. അനിൽകുമാർ എം.എൽ.എ കുറ്റപ്പെടുത്തി. എന്നാൽ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് സി.പി.എം ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാക്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.