എടയൂർ: ഇടയ്ക്കിടെയുള്ള വൈദ്യുതിയുടെ ഒളിച്ചുകളിമൂലം കഠിന ചൂടിൽ പൊറുതിമുട്ടിയ നാട്ടുകാർ അർധരാത്രി എടയൂർ കെ.എസ്.ഇ.ബി ഓഫിസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എടയൂർ മേഖലയിൽ രാത്രിസമയത്ത് ഇടക്കിടെ വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. അസഹനീയമായ ചൂട് കാരണം രാത്രിയിൽ ഉറങ്ങാതെ കരയുന്ന കൊച്ചുകുട്ടികളുടെ ദുരിതം കണ്ടാണ് നാട്ടുകാർ പൂക്കാട്ടിരിയിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി ഓഫിസിൽ കഴിഞ്ഞ ദിവസം രാത്രി 12 ഓടെ എത്തിയത്. എടയൂർ മണ്ണത്ത്പറമ്പ്, വട്ടപറമ്പ്, ആൽപറ്റപടി, മൂന്നാക്കൽ പള്ളിറോഡ് തുടങ്ങിയ സ്ഥലങ്ങളിൽ രാത്രി വൈദ്യുതിയുടെ ഒളിച്ചുകളി പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
കിടപ്പിലായ രോഗികൾ, പിഞ്ചു കുഞ്ഞുങ്ങൾ, വയോധികർ തുടങ്ങിയവരാണ് ഏറ്റവും അധികം പ്രയാസപ്പെടുന്നത്. ചില ഭാഗങ്ങളിൽ വോൾട്ടേജ് കുറവും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി പോയതിനെ തടർന്നാണ് രോഷാകുലരായ നാട്ടുകാർ കുട്ടികളുമായി കെ.എസ്.ഇ.ബി യിൽ വന്ന് കുത്തിയിരുന്നത്. രാത്രി കാലങ്ങളിലെ ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സം ഒഴിവാക്കിയില്ലെങ്കിൽ സ്ത്രീകളെയും കുട്ടികളെയും കൂട്ടി ഓഫിസ് ഉപരോധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. വൈദ്യുതിയുടെ അമിത ഉപയോഗം മൂലം ലോഡ് താങ്ങാൻ സാധിക്കാത്തതിനാൽ സബ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നിർത്തിവെക്കേണ്ടി വരുന്നതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.