മലപ്പുറം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്ത പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തിലെ നിയമലംഘനം കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനുമായി ജില്ലതല എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപവത്കരിച്ചു. തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ, പൊലീസ് എന്നിവരുടെ പ്രതിനിധികളടങ്ങിയ സ്ക്വാഡ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കും. മാലിന്യം കടത്താൻ ഉപയോഗിക്കുന്ന വാഹനം കസ്റ്റഡിയിലെടുക്കാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും സ്ക്വാഡിന് അധികാരമുണ്ടാകും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി കുറ്റക്കാർക്കെതിരെ സമയബന്ധിതമായി നടപടിയെടുക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ, ജീവനക്കാരുടെ കുറവ്, പരിശോധനക്കുള്ള വാഹനങ്ങളുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ കാരണം പലപ്പോഴും കൃത്യമായ പരിശോധന നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിക്കാറില്ല. ഈ സാഹര്യത്തിലാണ് സർക്കാറിന്റെ പുതിയ തീരുമാനം.
ടീം ഇങ്ങനെ
തദ്ദേശ ഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ (ഇൻചാർജ്) വി.കെ. മുരളി ചെയർമാനും ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ പി. ഹൈദ്രോസ് ജില്ലതല നോഡൽ ഓഫിസറുമായ മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന ജില്ല എൻഫോഴ്സ്മെന്റ് സെക്രട്ടേറിയറ്റും ജില്ലതല എൻഫോഴ്സ്മെന്റ് സ്ക്വാഡുമാണ് രൂപവത്കരിച്ചത്. എൻഫോഴ്സ്മെന്റ് സ്ക്വാഡിന് രണ്ട് ടീമുകളാണുള്ളത്. പെർഫോമൻസ് ഓഡിറ്റ് യൂനിറ്റ് ജൂനിയർ സൂപ്രണ്ട് നജീബ് കിളിയണ്ണി ലീഡറായുള്ള ടീം ഒന്നും പെർഫോമൻസ് ഓഡിറ്റ് യൂനിറ്റ് ജൂനിയർ സൂപ്രണ്ട് സഹറുദ്ദീൻ ലീഡറായുള്ള ടീം രണ്ടും.
നിലമ്പൂർ, അരീക്കോട്, കൊണ്ടോട്ടി, വണ്ടൂർ, കാളികാവ്, പെരിന്തൽമണ്ണ, മലപ്പുറം, മങ്കട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പഞ്ചായത്തുകളും മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, നിലമ്പൂർ, കൊണ്ടോട്ടി നഗരസഭകളുമാണ് ടീം ഒന്നിന്റെ ചുമതലയിലുള്ളത്. കുറ്റിപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂർ, തിരൂർ, പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളും തിരൂരങ്ങാടി, പരപ്പനങ്ങാടി, പൊന്നാനി, തിരൂർ, താനൂർ, വളാഞ്ചേരി, കോട്ടക്കൽ നഗരസഭകളുമാണ് ടീം രണ്ടിന് കീഴിലുള്ളത്.
സ്ക്വാഡ് പ്രവർത്തനം
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചട്ടലംഘനം കണ്ടെത്തൽ, പരിശോധന നടത്തൽ, അനധികൃതമായി തള്ളിയ മാലിന്യം പിടിച്ചെടുക്കൽ, ഉടനടി പിഴ ഈടാക്കൽ, മാലിന്യം കടത്തുന്നവരെ പിടികൂടി വാഹനങ്ങൾ കണ്ടുകെട്ടൽ, ശുചിത്വ, മാലിന്യ സംസ്കരണ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി ലൈസൻസ് അടക്കമുള്ള അനുമതിപത്രങ്ങൾ റദ്ദാക്കൽ തുടങ്ങിയവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.