മഞ്ചേരി: പൊതുജനങ്ങളുടെ പരാതി പരിഹാരത്തിന് വേഗം കൂട്ടാൻ ഏറനാട് താലൂക്ക് ഇനി ഇ-ഓഫിസ് സംവിധാനത്തിൽ പ്രവർത്തിക്കും. താലൂക്ക് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് കടന്നു. റവന്യൂ വകുപ്പിെൻറ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് താലൂക്ക് ഇ-ഓഫിസാക്കിയത്. ആദ്യഘട്ടത്തിൽ കലക്ടറേറ്റ്, ആർ.ഡി.ഒ ഓഫിസ് എന്നിവ ഇ-ഓഫിസിലേക്ക് മാറ്റിയിരുന്നു. ഉദ്ഘാടനം അടുത്തയാഴ്ച നടക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.
ഇതിനായി 60 പുതിയ കമ്പ്യൂട്ടറുകളും ഹൈസ്പീഡ് പ്രിൻറർ, യു.പി.എസ്, നെറ്റ്വർക്കിങ് സംവിധാനം എന്നിവ ഒരുക്കി. ഐ.ടി മിഷന് കീഴിലാണ് പദ്ധതി പൂർത്തിയാക്കിയത്. ഇതോടെ ഓഫിസ് കടലാസ് രഹിതമാക്കാനും ഉദ്യോഗസ്ഥരുടെ മേശക്ക് മുന്നിലെ ഫയൽ കൂമ്പാരങ്ങൾ ഒഴിവാക്കാനും സാധിക്കും. ഓഫിസിൽ അപേക്ഷ സ്വീകരിക്കുമ്പോൾ എഴുതുന്ന പേഴ്സനൽ രജിസ്റ്ററും (തൻപതിവേട്) ഉണ്ടാവില്ല. ലഭിക്കുന്ന പരാതികൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടർ വഴി ഇ-ഓഫിസ് സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യും. ഇത് അതത് സെക്ഷനിൽ എത്തുമ്പോൾ പരാതിക്കാരെൻറ മൊബൈൽ നമ്പറിലേക്ക് റഫറൻസ് നമ്പറടക്കമുള്ള സന്ദേശം ലഭിക്കും. പിന്നീട് ഈ നമ്പർ ഉപയോഗിച്ചായിരിക്കും തുടർനടപടികൾ. താലൂക്ക് ഓഫിസിൽ കയറിയിറങ്ങേണ്ട ആവശ്യവും ഒഴിവാകും.
പരാതികൾ ഒഴിവാക്കാനാണ് ഇ-ഓഫിസ് സംവിധാനം നടപ്പാക്കിയത്. സുതാര്യമായ ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഒരു ഫയല്‍ ഏത് ഉദ്യോഗസ്ഥെൻറയടുത്ത് എത്രനാള്‍ ഇരുന്നുവെന്നും നിലവില്‍ ആ ഫയല്‍ ഏത് ഉദ്യോഗസ്ഥെൻറയടുത്താണുള്ളതെന്നും സാധാരണക്കാർക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഓൺലൈനിൽ പ്രവർത്തനം ആരംഭിച്ചതോടെ ഓഫിസ് കൂടുതൽ ജനസൗഹൃദമാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഇ-ഓഫിസിെൻറ ഭാഗമായി താലൂക്ക് ഓഫിസിന് മുന്നിൽ മനോഹരമായ പൂന്തോട്ടവും ഒരിക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.