മലപ്പുറം: നഗരസഭയിലെ പ്രധാന പദ്ധതികളുടെ ഫയലുകളും രേഖകളും കാണാതാവൽ വീണ്ടും. ഇൻറഗ്രേറ്റഡ് ഹൗസിങ് ആൻഡ് സ്ലം ഡെവലപ്മെൻറ് പ്രോഗ്രാം, പ്രധാനമന്ത്രി ആവാസ് യോജന, ശിഹാബ് തങ്ങള്‍ ഭവന പദ്ധതികളിലെ അപേക്ഷകരുടെ ഫയലുകളാണ് ഇപ്പോള്‍ കാണാതായവയുടെ കൂട്ടത്തിലുള്ളത്.
നേരത്തേ ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്കായി ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ കോട്ടപ്പടി മുനിസിപ്പൽ ബസ്സ്റ്റാന്‍ഡ് പണയംവെക്കാൻ ആധാരവും രേഖകളും അന്വേഷിച്ചപ്പോഴും കാണാനില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്.
2005 മുതലുള്ള ഐ.എച്ച്.ഡി.എസ്.പി, പി.എം.എ.വൈ, ശിഹാബ് തങ്ങള്‍ ഭവനപദ്ധതികളിലെ ഗുണഭോക്താക്കളുടെ അപേക്ഷ അടങ്ങിയ ഫയലുകൾ കാണാനില്ല. എന്നാല്‍, ഗുണഭോക്താക്കളുടെ ആധാരം നഗരസഭയില്‍ ഭദ്രമായി ഇരിക്കുന്നുണ്ട്.
ഫയല്‍ എങ്ങനെ നഷ്ടപ്പെെട്ടന്ന കാര്യത്തില്‍ വ്യക്തമായ മറുപടിയില്ല. കരാര്‍ കാലാവധിക്ക് ശേഷം പദ്ധതികളില്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചവര്‍ക്ക് ആധാരം തിരിച്ചുനല്‍കാമെന്ന അജണ്ട കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്ക് വന്നതോടെയാണ് വിഷയം പുറത്തായത്.
പദ്ധതികളില്‍ പണം ലഭിച്ച് വീടുപണി പൂര്‍ത്തിയാക്കിയവര്‍ക്ക് ആധാരം തിരിച്ചുനല്‍കുന്നത് അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ കഴിഞ്ഞാണ്. 5,000ത്തോളം വീടുകള്‍ പദ്ധതികള്‍ വഴി നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
മലപ്പുറം: ഫയലുകളും രേഖകളും അടിക്കടി കാണാതാവുന്ന സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. കാലാവധി പൂര്‍ത്തിയാക്കിയ അര്‍ഹതപ്പെട്ടവര്‍ക്ക് ആധാരം തിരിച്ചുനല്കുന്നതില് എതിര്‍പ്പില്ല.
എന്നാല്‍, അനധികൃതമായി ആരെങ്കിലും തുക കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യവും പുറത്ത് വരണം. ആധാരം തിരിച്ചുനല്‍കുന്നവരുടെ കൈയില്‍നിന്ന് കൃത്യമായ സത്യവാങ്മൂലം എഴുതി വാങ്ങണമെന്നും ഇക്കാര്യത്തില്‍ ചെയര്‍പേഴ്സനും ഉത്തരവാദിത്തമുണ്ടെന്നും സി.പി.എം കക്ഷി നേതാവ് ഒ. സഹദേവന് പറഞ്ഞു.
അതേസമയം, രേഖകൾ കാണാതാവുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ഭരണപക്ഷമായ യു.ഡി.എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ഇവർ നഗരസഭ കാര്യാലയത്തിന് മുന്നില്‍നിന്ന് മുദ്രാവാക്യം മുഴക്കി.
ഫയൽ കാണാനില്ല എന്നതുകൊണ്ട് ആധാരം തിരിച്ചുനൽകുന്നത് വൈകരുതെന്നും ഭവനപദ്ധതിയിൽ ഇടത് കൗൺസിലർ ബന്ധുവിന് അനർഹമായി വീടുവെച്ച് നൽകിയത് കണ്ടെത്തി പണം തിരിച്ചുപിടിച്ചതിെൻറ ജാള്യം മറയ്ക്കാനാണ് ഇറങ്ങിപ്പോക്കെന്നും മുസ്ലിം ലീഗ് കക്ഷി നേതാവ് ഹാരിസ് ആമിയൻ പറഞ്ഞു.
ഫയലുകള്‍ കണ്ടെത്താന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. എത്രയെണ്ണം കാണാതായിട്ടുണ്ടെന്നത് സംബന്ധിച്ച് കണക്കെടുക്കും. ആവശ്യമെങ്കില്‍ കുറ്റക്കാരെ കണ്ടെത്താൻ വിജിലന്‍സ് അന്വേഷണം തേടുമെന്ന് ചെയർപേഴ്സൻ സി.എച്ച്. ജമീല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.