മലപ്പുറം: വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തവും വർധിച്ചിരിക്കുകയാണ്. ഈ വർഷം മാത്രം ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണ് ജില്ലയിലുണ്ടായത്. പരിമിതികളെ അവഗണിച്ച് അഗ്നിരക്ഷാ സേന നടത്തിയ അവസരോചിത ഇടപെടലുകളാണ് വലിയ ദുരന്തങ്ങളിലേക്ക് പോകാതിരുന്നത്. ഫയർ യൂനിറ്റുകൾ കടന്നുചെല്ലാത്ത ഇടങ്ങളിൽ സമീപവാസികൾ ഇടപെട്ടാണ് തീ നിയന്ത്രിക്കുന്നത്.
ചൂട് കൂടിയതോടെ അടിക്കാടുകൾ ഉണങ്ങിത്തുടങ്ങി. ഇവക്ക് തീപിടിച്ചാണ് മറ്റിടങ്ങളിലേക്കും തീ വ്യാപിക്കുന്നത്. ചപ്പുചവറുകള്‍ അലക്ഷ്യമായി കൂട്ടിയിട്ട് കത്തിക്കുന്നതും സിഗരറ്റ് കുറ്റിയും അണയാത്ത തീക്കൊള്ളിയും അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് തീപിടിത്തമുണ്ടാകാനുള്ള പ്രധാന കാരണം.
ഉണങ്ങിയിരിക്കുന്ന പുല്ലുകളിലേക്ക് ചെറിയ തീപ്പൊരി വീണാല്‍ ചെറിയ കാറ്റ് വീശിയാല്‍ പോലും പടര്‍ന്ന് പിടിക്കും. റോഡിനരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വരണ്ട കാലാവസ്ഥയില്‍ വലിയ ദുരന്തത്തിലേക്ക് നയിക്കാനിടയുണ്ടെന്ന് അഗ്നിരക്ഷ സേന മുന്നറിയിപ്പേകുന്നു.
ജില്ലയില്‍ താപനില ഉയർന്നതോടെ ജലസ്രോതസസ്സുകള്‍ വറ്റുന്നത് അഗ്നിരക്ഷാ സേനക്ക് മുന്നിലെ വെല്ലുവിളിയാണ്. തീയണക്കാന്‍ വലിയതോതില്‍ വെള്ളം ആവശ്യമായി വരുമെന്നതിനാല്‍ ഫയര്‍ സ്റ്റേഷന് അടുത്തുള്ള ജലാശയങ്ങളെയാണ് ആശ്രയിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 12,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന വാട്ടര്‍ ബൗസര്‍ വാഹനമാണ് തീണയക്കാനായി ഫയര്‍ഫോഴ്സ് കൂടുതലായും ഉപയോഗിക്കുന്നത്.
റിമോര്‍ട്ട് കണ്ട്രോള് ഉപയോഗിച്ച് വലിയ ഉയരങ്ങളിലേക്കും ഏത് ദിശയിലേക്കും വെള്ളം പമ്പ് ചെയ്യാം. വെള്ളത്തിന്റെ സംഭരണശേഷി കൂടുതലായതിനാല്‍ തീ നിയന്ത്രിക്കാന്‍ എളുപ്പമാണെങ്കിലും വലിപ്പം കൂടുതലായതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ തീ പടരുമ്പോള്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണം ചെറുവാഹനമായ വാട്ടര്‍ ടെന്‍ഡര്‍ ഉപയോഗിക്കേണ്ടിയും വരാറുണ്ട്.
വാട്ടര്‍ ടെന്‍ഡറില്‍ 4,000 ലിറ്റര്‍ വെള്ളമാണ് സംഭരണശേഷി. അഗ്നിരക്ഷാ സേനയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സിവില്‍ ഡിഫന്‍സിന്റെ സേവനമാണ് ആശ്വാസം.
എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു ഫയർ സ്റ്റേഷൻ ആവശ്യമാണ്. ജില്ലയിൽ ആകെ 16 ഫയർ സ്റ്റേഷനുകൾ ആവശ്യമുണ്ട്. നിലവിൽ എട്ട് ഫയർ സ്റ്റേഷനുകളേ ജില്ലയിലുള്ളൂ. അതിൽ മഞ്ചേരി, തിരുവാലി, താനൂർ എന്നിവിടങ്ങളിലെ മൂന്നെണ്ണം മിനി ഫയർ സ്റ്റേഷനുകളുമാണ്. വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, വണ്ടൂർ എന്നീ മണ്ഡലങ്ങളിൽ ഫയർ സ്റ്റേഷൻ ആരംഭിക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. അപകടങ്ങൾ തുടർക്കഥയായ വട്ടപ്പാറ വളവ് സ്ഥിതിചെയ്യുന്ന മണ്ഡലത്തിലും കരിപ്പൂർ എയർപ്പോർട്ടുള്ള മണ്ഡലത്തിലും ഫയർ സ്റ്റേഷനുകളില്ലാത്തത് വിമർശനത്തിനാണ് ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.