കാളികാവ്: രൂപവത്കരണ കാലത്ത് കമ്യൂണിസ്റ്റ് നേതാവ് സഖാവ് കുഞ്ഞാലി പ്രഥമ പ്രസിഡൻറായ കാളികാവ് പഞ്ചായത്ത് ഇപ്പോൾ യു.ഡി.എഫിെൻറ ഉരുക്ക് കോട്ടയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കുഞ്ഞാലിക്കുശേഷം 1980ൽ വി. അപ്പുണ്ണിയും 1996ൽ അന്നമ്മ മാത്യുവും ഇടത് സാരഥ്യം വഹിച്ച പഞ്ചായത്തിൽ 2015ൽ യു.ഡി.എഫിലുണ്ടായ ശൈഥില്യത്തിൽ എൻ. സൈതാലിയുടെ നേതൃത്വത്തിൽ വീണ്ടും ഇടത് ഭരണം വന്നു. അവശേഷിക്കുന്ന കാലങ്ങളിലെല്ലാം യു.ഡി.എഫ് ഭരണത്തിലായിരുന്നു.
ജില്ലയിൽ മിക്കയിടത്തും യു.ഡി.എഫിലുണ്ടായ വിള്ളൽ കാളികാവ് പഞ്ചായത്തിനെയും ബാധിച്ചു. തെരഞ്ഞെടുപ്പിൽ വേറിട്ടാണ് ലീഗും കോണ്‍ഗ്രസും മത്സരിച്ചത്. 19 അംഗ പഞ്ചായത്തില്‍ എട്ട് സീറ്റ് നേടി സി.പി.എം ഏറ്റവും വലിയ കക്ഷിയായി. കോണ്‍ഗ്രസിന് ആറും ലീഗിന് അഞ്ചും സീറ്റാണ് ലഭിച്ചത്. പ്രസിഡൻറ് െതരഞ്ഞെടുപ്പിലും ത്രികോണ മത്സരം പ്രകടമായതിനാല്‍ സി.പി.എമ്മിന് ഭരണം ലഭിച്ചു. കൗലത്ത് വൈസ് പ്രസിഡൻറുമായി.
പിന്നീട് യു.ഡി.എഫ് ബന്ധം പുനഃസ്ഥാപിക്കുകയും സി.പി.എം ഭരണത്തെ എട്ടുമാസത്തിന് ശേഷം അവിശ്വാസത്തിലുടെ പുറത്താക്കുകയും ചെയ്തു. പ്രസിഡൻറ് സ്ഥാനം ആദ്യ വര്‍ഷം ലീഗിന് നല്‍കാനും തുടര്‍ന്ന് 26 മാസം കോൺഗ്രസിനും അവസാനവര്‍ഷം വീണ്ടും ലീഗിനുമായിരുന്നു ധാരണ.
ഒരു വര്‍ഷത്തേക്ക് ലീഗ് പ്രതിനിധിയായ വി.പി.എ. നാസര്‍ പ്രസിഡൻറായി. കോണ്‍ഗ്രസിലെ എം. സുഫൈറ വൈസ് പ്രസിഡൻറുമായി. ധാരണ പ്രകാരം ഇരുവരും സ്ഥാനം ഒഴിഞ്ഞ് കോണ്‍ഗ്രസിലെ നജീബ് ബാബു പ്രസിഡൻറും ലീഗിലെ സി.ടി. അസ്മാബി വൈസ് പ്രസിഡൻറുമായി.
ഇതിനിെട, മുന്നണിയിൽ വീണ്ടും അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. പുതിയ പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ ലീഗിെല വി.പി. നാസറായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. ധാരണ ലംഘിച്ച് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ. നജീബ് ബാബു, ഇ.കെ. മന്‍സൂര്‍ എന്നിവര്‍ സി.പി.എമ്മിലെ എന്‍. സൈതാലിക്ക് വോട്ട് ചെയ്തു.
ഇതിനിടെ ജില്ല നേതൃത്വം ഇടപെട്ട് കോണ്‍ഗ്രസിനും ലീഗിനുമിടയില്‍ വീണ്ടും ഐക്യം സ്ഥാപിച്ചു. തുടര്‍ന്ന് സി.പി.എം പ്രസിഡൻറിനെതിരെ യു.ഡി.എഫ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇതോടെ വീണ്ടും വി.പി.എ. നാസര്‍ പ്രസിഡൻറായി. വൈസ് പ്രസിഡൻറായി അസ്മാബി തുടർന്നു. ഇത്തവണ മുന്നണി സംവിധാനത്തിലാണ് യു.ഡി.എഫ് മത്സരിക്കുന്നത്. എൽ.ഡി.എഫും കരുത്തരായ സ്ഥാനാർഥികളെയാണ് കളത്തിലിറക്കുന്നത്.
വി.പി.എ. നാസർ (പ്രസിഡൻറ്)
പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ അഞ്ചുവര്‍ഷം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായി. പ്ലാസ്റ്റിക് മാലിന്യ നിർമാര്‍ജനത്തിന് ഷ്രഡിങ് യൂനിറ്റ് സ്ഥാപിച്ചു. 45 ലക്ഷം രൂപ വിനിയോഗിച്ച് പൊതുശ്മശാനം യാഥാർഥ്യമാക്കി. പബ്ലിക് ലൈബ്രറി ആരംഭിച്ചു. വേനല്‍ക്കാലത്തെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ കാളികാവ് പുഴയില്‍ 70 ലക്ഷം വിനിയോഗിച്ച് ചെക്ക്ഡാം നിര്‍മിച്ചു.
പൂങ്ങോട്ട് ആയുര്‍വേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം നിര്‍മിച്ചു. 31 അംഗന്‍വാടികള്‍ക്ക് ടെലിവിഷന്‍ നല്കി. കര്‍ത്തേനിയില്‍ മികച്ച സൗകര്യത്തോടെ ടാക്സി സ്റ്റാന്‍ഡ്, പാറശ്ശേരിയില്‍ പകല്‍ വീട്, കാളികാവ് ടൗണ്‍ നവീകരണത്തിന് നടപടി, വിവിധ ഭാഗങ്ങളിലായി ആറ് മിനി ഹൈമാസ്റ്റ് ലൈറ്റ്, പഞ്ചായത്ത് ഐ.എസ്.ഒ പദവി, കൂടുതൽ ശൗചാലയങ്ങള്‍ സ്ഥാപിച്ച് ഒ.ഡി.എഫ് പ്രഖ്യാപനം തുടങ്ങിയവയാണ് നേട്ടങ്ങൾ.
എൻ. സൈതാലി (സി.പി.എം)
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പഞ്ചായത്ത് ഭരണത്തില്‍ യു.ഡി.എഫിലെ അനൈക്യം പദ്ധതികളെ പ്രതികൂലമായി ബാധിച്ചു. കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടായ പടലപ്പിക്കം മൂലം കാരണം പല പദ്ധതികളും നടപ്പാക്കാനായില്ല.
ഫണ്ട് പാഴാകുന്ന സ്ഥിതിവിശേഷവുമുണ്ടായി. രണ്ട് പ്രാവശ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ഭരണ സ്തംഭനമുണ്ടാക്കി. പരസ്പരം വിശ്വാസമില്ലാതെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ജനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന പല വികസന പദ്ധതികളേയും തകര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.