വേങ്ങര: വെള്ളിയാഴ്ച രാത്രി എട്ടരക്ക് ബ്രസീൽ- ക്രൊയേഷ്യ മത്സരത്തിന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ക്വാർട്ടർ മത്സരത്തിന് വിസിൽ മുഴങ്ങുമ്പോൾ 'ഖത്തറോളം' ആവേശമുയർത്താൻ വേങ്ങര കുറ്റാളൂരിലെ സബാഹ് സ്ക്വയർ ഒരുങ്ങുകയാണ്. ഭക്ഷ്യമേളയുടെ രുചിഭേദങ്ങൾക്കൊപ്പം കാൽപന്തുകളിയുടെ വിശ്വമേളയും ആസ്വദിക്കാൻ അവസരമൊരുക്കുന്ന 'ഫുഡ് ആൻഡ് ബാളി'ന് വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ തിരശ്ശീല ഉയരുകയാണ്.
ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന 18 വരെ കളി ആസ്വദിക്കാനും രുചികരമായ ഭക്ഷണം ഒരുക്കാനും വിവിധ മത്സരങ്ങളിൽ പെങ്കടുക്കാനും അവസരമുണ്ട്. 'മാധ്യമം' മീഡിയ പർട്ട്ണറായി വേങ്ങര ഫുട്ബാൾ ഫാൻസ് ഫോറം സംഘടിപ്പിക്കുന്നതാണ് പരിപാടി.
പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യ രക്ഷാധികാരിയും സ്വബാഹ് സ്ക്വയർ ചെയർമാൻ മുഹമ്മദ് സ്വബാഹ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ എന്നിവർ രക്ഷാധികാരികളും ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ചെയർമാനുമായ ജനകീയ കമ്മിറ്റിയാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.
ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ പെങ്കടുക്കുന്ന ഘോഷയാത്ര വൈകീട്ട് നാലിന് വേങ്ങര ലിയാന കോംപ്ലക്സിന് പരിസരത്തുനിന്ന് ആരംഭിച്ച് കാർണിവൽ നടക്കുന്ന കുറ്റാളൂർ സ്വബാഹ് സ്ക്വയറിൽ സമാപിക്കും. കാർണിവൽ നഗരിയുടെ ഉദ്ഘാടനം വൈകീട്ട് അഞ്ചിന് വേങ്ങര പൊലീസ് ഇൻസ്പെക്ടർ എം. മുഹമ്മദ് ഹനീഫ നിർവഹിക്കും. ഇന്ത്യക്കും കേരളത്തിനും വേണ്ടി ബൂട്ട് കെട്ടിയ അനസ് എടത്തൊടിക, ഫിറോസ് കളത്തിങ്ങൽ, സിറാജുദ്ധീൻ ചെമ്മിളി, അഹമ്മദ് മാലിക്, ഒ.കെ. ജാവേദ്, ടി. ഫൈസൽ, കെ.കെ. സലീൽ, പി.കെ. നസീബ് എന്നിവർ ചേർന്ന് ആഘോഷം ഉദ്ഘാടനം ചെയ്യും.
വൈകീട്ട് എട്ടുമുതൽ ബിഗ് സ്ക്രീനിൽ ഫുട്ബാൾ പ്രദർശനം. ലോകകപ്പ് ഫുട്ബാൾ ക്വാർട്ടർ, സെമി, ലൂസേഴ്സ്, ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്ന ദിവസങ്ങളൽ വൈകീട്ട് നാലുമുതൽ കാർണിവൽ ആരംഭിക്കും. ഡിസംബർ 10ന് കാർണിവൽ വേദിയിൽ മാസ്റ്റർ ഷെഫ്, ഡെസേർട്ട് മാസ്റ്റർ മത്സരങ്ങൾ നടക്കും.
പൊതുജനങ്ങൾക്കും മുതിർന്നവർക്കുമുള്ള ഷൂട്ടൗട്ട്, ഫ്രീസ്റ്റൈൽ ഫുട്ബാൾ, ഗേൾ ആൻഡ് ബാൾ എന്നീ മത്സരങ്ങളും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. കാർണിവൽ വേദി കാമറവലയത്തിലായിരിക്കും.കൂടാതെ പ്രദേശം ലഹരിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായവർക്ക് കളികാണാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേക അമ്യൂസ്മെന്റ് കോർണറും നഗരിയിൽ സജ്ജമാണ്.
വേങ്ങര: ഫുഡ് ആൻഡ് ബാൾ കാർണിവലിൽ ഫുട്ബാൾ പ്രതിഭകളെ ആദരിക്കും. കാൽപന്തുകളിയുടെ മൈതാനത്ത് വേങ്ങരയെ അടയാളപ്പെടുത്തിയവർക്കാണ് ആദരം. പൂളകാക്ക (യു.കെ. അബ്ദുറഹ്മാൻ), ഫൈസൽ, മുഹമ്മദ് ഷാഫി, ആസിഫ്, സുബൈർ എന്നിവരെയാണ് ആദരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.