കാരാട്: 2010ലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടര വർഷം പ്രസിഡൻറ് സ്ഥാനം വഹിച്ച് സി.പി.എമ്മിലേക്ക് കൂറുമാറിയ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെ ലീഗിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കാരാടിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.കെ.എം. ഹിബത്തുള്ളയെയാണ് കഴിഞ്ഞ ദിവസം ലീഗിൽ വീണ്ടും മെംബർഷിപ്പ് നൽകി തിരിച്ചെടുത്തത്. 2010ൽ വാഴയൂരിൽ അധികാരത്തിലെത്തിയ യു.ഡി.എഫിൽ ആദ്യ രണ്ടര വർഷം മുസ് ലിം ലീഗും പിന്നീട് കോൺഗ്രസും പ്രസിഡൻറ് സ്ഥാനം വഹിക്കുമെന്നായിരുന്നു ധാരണ. യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ഹിബത്തുള്ളയാണ് ആദ്യ രണ്ടര വർഷം പ്രസിഡൻറ് സ്ഥാനം വഹിച്ചത്.
മുന്നണിയിൽ അസ്വാരസ്യങ്ങളുയർന്നതോടെ സി.പി.എം പക്ഷത്തോട് അടുത്ത ഹിബത്തുള്ള രണ്ടര വർഷത്തിന് ശേഷം സ്ഥാനം രാജിവെച്ച് സി.പി.എം അംഗത്തിന് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പിന്തുണ നൽകി.
തുടർന്ന് ബാക്കിയുള്ള രണ്ടര വർഷവും 2015ലെ തെരഞ്ഞെടുപ്പിലും സി.പി.എം അധികാരത്തിലെത്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് വീണ്ടും വാഴയൂരിൽ അധികാരത്തിലെത്തിയത്.
രണ്ട് വർഷത്തിലധികമായി സി.പി.എമ്മുമായി അകലം പാലിക്കുന്ന ഹിബത്തുള്ളയെ കഴിഞ്ഞ ദിവസം വീണ്ടും ലീഗിലെടുത്തതാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇ.കെ. ഫാറൂഖ്, പി.എം. ഷിഹാബ്, കെ.സി. സലീം, പി. അഫ്സൽ, കോയ വാഴയൂർ, മൻസൂർ പുതുക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.