മലപ്പുറം: അതിദരിദ്രരെ കണ്ടെത്താനുള്ള സർവേക്ക് സർക്കാർ അധ്യാപകരെ കൂട്ടത്തോടെ നിയോഗിക്കുന്നത് മൂലം വിദ്യാലയങ്ങളിൽ പഠനം പ്രതിസന്ധിയിലാവുമെന്ന ആശങ്കക്ക് പരിഹാരം. പറപ്പൂർ പഞ്ചായത്തിൽനിന്നാണ് ഇതുസംബന്ധിച്ച പരാതി ഉയർന്നത്.
ഇവിടെ 19 വാർഡ്തല കൺവീനർമാരായി സർക്കാർ, എയ്ഡഡ് അധ്യാപകരെയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരെയും നിയമിച്ചതായും മൂന്നിലധികം പേരെ ഒരിടത്തുനിന്നും നിയോഗിച്ചിട്ടില്ലെന്നും പദ്ധതി നോഡൽ ഓഫിസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമായ പ്രീതി മേനോൻ അറിയിച്ചു. സർക്കാർ അധ്യാപകരെ കൂട്ടത്തോടെ വിളിക്കുന്നത് സംബന്ധിച്ച് നവംബർ 26നും 30നും 'മാധ്യമം' വാർത്ത നൽകിയിരുന്നു.
19 വാർഡുകളിലേക്ക് പഞ്ചായത്തിലെ രണ്ട് യു.പി സ്കൂളുകളിൽനിന്ന് എട്ട് വീതവും ഒരു എൽ.പി സ്കൂളിൽനിന്ന് മൂന്നും അധ്യാപരെയും നിയോഗിക്കാനായിരുന്നു നീക്കം. എല്ലാം സർക്കാർ വിദ്യാലയങ്ങളായിരുന്നു. ഇതിനെതിരെ പ്രധാനാധ്യാപകർ രംഗത്തെത്തുകയും അധ്യാപകരെ കൂട്ടത്തോടെ വിട്ടുനൽകാനാവില്ലെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറിയെയും വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസറെയും സമീപിക്കുകയും ചെയ്തു. അധ്യയനം പൂർവസ്ഥിതിയിലാവുന്നതിന് മുമ്പ് അധ്യാപകരെ മറ്റു കാര്യങ്ങൾക്ക് നിയോഗിക്കുന്നതിൽ രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
നാല് സ്കൂളുകളിൽനിന്ന് രണ്ട് വീതവും ആറിടങ്ങളിൽനിന്ന് ഓരോ അധ്യാപകരെയും നിയോഗിച്ചാണ് ഉത്തരവായിരിക്കുന്നത്. ഇതിൽ മൂന്ന് അധ്യാപകർക്ക് രണ്ട് വാർഡുകളിൽ ചുമതലയുണ്ട്.
ശേഷിച്ച രണ്ട് വാർഡുകളിൽ മറ്റു വകുപ്പ്തല ഉദ്യോഗസ്ഥരും കൺവീനർമാരാവും. ജനസംഖ്യ കണക്കെടുപ്പ്, ദുരന്ത നിവാരണം, തെരഞ്ഞെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾക്കല്ലാതെ അധ്യാപകരെ നിയോഗിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തിലുണ്ട്. ഇത് കാറ്റിൽപറത്തിയായിരുന്നു അതിദരിദ്ര സർവേക്ക് സ്കൂൾ അധ്യാപകരെ കൂട്ടത്തോടെ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.