മലപ്പുറം: നിർദിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേക്കുവേണ്ടി ഏറ്റെടുത്ത ഭൂമിക്ക് നിശ്ചയിച്ച നഷ്ടപരിഹാരത്തുക കുറവെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച് നാഷനൽ ഹൈവേ അതോറിറ്റി, മുഖ്യമന്ത്രി, റവന്യൂ, പൊതുമരാമത്ത് മന്ത്രിമാർ, മലപ്പുറം ജില്ല കലക്ടർ എന്നിവർക്ക് സി.പി.എം അരീക്കോട് ഏരിയ കമ്മിറ്റി പരാതി സമർപ്പിച്ചു.
ആഗസ്റ്റ് 11ന് പ്രസിദ്ധീകരിച്ച ഭൂ വിലനിർണയ റിപ്പോർട്ടിൽ, വിവിധ കാറ്റഗറിയിലെ ഭൂമിക്ക് വില നിർണയിച്ചതിലെ അടിസ്ഥാന വില, നിലവിലെ മാർക്കറ്റ് വിലയെക്കാൾ ഏറെ കുറവായിട്ടാണ് രേഖപ്പെടുത്തിയത്. ഭൂമിയും വീടും നഷ്ടപ്പെടുന്ന ഇരകൾക്ക് നിലവിലെ ഭൂ വിലനിർണയ റിപ്പോർട്ട് പ്രകാരം ന്യായമായ അടിസ്ഥാന വില ലഭിക്കുന്ന സാഹചര്യം നിലവിലില്ല. അതിനാൽ റിപ്പോർട്ട് പുനഃപരിശോധിച്ച് ന്യായമായ നഷ്ടപരിഹാരം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം പരാതിയിൽ ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ വില്ലേജിൽ നിശ്ചയിച്ച ഭൂ വില നിർണയ റിപ്പോർട്ടിൽ നൽകിയ അടിസ്ഥാന വിലയും മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിശ്ചയിച്ച അടിസ്ഥാന വിലയും തമ്മിൽ വലിയ അന്ത
രമാണുള്ളത്.
നിലവിൽ മൂന്നിരട്ടിയോളം മാറ്റമുണ്ട്. പെരുമണ്ണ പഞ്ചായത്തിലെ പെരുമണ്ണ വില്ലേജിൽ നിശ്ചയിച്ച നഷ്ടപരിഹാരത്തുകയും അരീക്കോട് പഞ്ചായത്തിലെ അരീക്കോട് വില്ലേജിൽ നിശ്ചയിച്ച നഷ്ടപരിഹാരത്തുകയും തമ്മിലും വലിയ വ്യത്യാസമുണ്ട്.
നിലവിൽ 10 അടിയിൽ താഴെ വഴിയുള്ള ഭൂമികളെല്ലാം വഴിയില്ലാത്ത ഭൂമി എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. അതുപോലെ പൊതുമരാമത്ത് റോഡിൽനിന്ന് 10 മീറ്റർ മാത്രം മാറിയ ഭൂമികൾ പോലും അവസാന കാറ്റഗറികളിലാണ് ഉൾപ്പെടുത്തിയത്. ഇത് ഇരകളോട് ചെയ്യുന്ന വലിയ അനീതിയാണ്.
മൂന്ന് അടിയെങ്കിലും പൊതുവഴിയുള്ള സ്ഥലത്തിന് വഴിയില്ല എന്ന കാറ്റഗറിയിൽ നിന്ന് മാറ്റി വില കൂട്ടി നിർണയിക്കണമെന്നും സി.പി.എം പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.