മലപ്പുറം: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതക്ക് സ്ഥലം വിട്ടുനൽകുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് വിലനിർണയത്തിൽ ഉണ്ടായിരിക്കുന്നതെന്നും ഇതിനെതിരെ പ്രത്യക്ഷസമരം ആരംഭിക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അതത് വില്ലേജുകളിലെ യഥാർഥ മാർക്കറ്റ് വില അടിസ്ഥാനവിലയായി കണക്കാക്കി ബജറ്റ് വേരിയൻസ് റിപ്പോർട്ട് തിരുത്തണം. ഇപ്പോൾ കണക്കാക്കിയ വിലയ്ക്ക് ആരും ഭൂമി വിട്ടുകൊടുക്കില്ല. പദ്ധതിയുമായി ഇനി സഹകരിക്കില്ല. ജില്ലയിൽ സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ അരുൺകുമാർ ഭൂവുടമകളെ ആസൂത്രിതമായി വഞ്ചിക്കുകയായരുന്നെന്ന് ഗ്രീൻഫീൽഡ് ഹൈവേ ആക്ഷൻ കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ സി. വാസുദേവൻ, ജില്ല ചെയർമാൻ അവറാൻകുട്ടി ചെറിയപറമ്പ് എന്നിവർ പറഞ്ഞു.
സ്ഥലം വിട്ടുനൽകുന്നവർക്ക് പൊന്നുംവില ലഭിക്കുമെന്നും ദേശീയപാത 66ന് സമാനമായ വില ലഭിക്കുമെന്നും പറഞ്ഞ് മോഹിപ്പിച്ചു. റോഡ് കടന്നുപോകുന്ന വഴി മുൻകൂട്ടി ഇരകൾ മനസ്സിലാക്കാതിരിക്കാൻ പല സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന സ്കെച്ചുകൾ ഉണ്ടാക്കുകയും പിന്നീട് ആദ്യം പറഞ്ഞ സ്ഥത്തുനിന്ന് മാറി മറ്റൊരു സ്ഥലത്ത് കുറ്റിയടിക്കുകയും ചെയ്തു.
ജനപ്രതിനിധികളുടെയും എം.എൽ.എമാരുടെയും യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ പറഞ്ഞിരുന്നത് വിജ്ഞാപനം വരുന്ന തീയതിയുടെ അടിസ്ഥാനത്തിൽ മൂന്ന് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത സമാന ഭൂമികളുടെ പരമാവധി വിലയുള്ള ആധാരങ്ങൾ അടിസ്ഥാനമാക്കി അതിന്റെ ശരാശരി തുക അടിസ്ഥാനവിലയായി കണക്കാക്കുമെന്നായിരുന്നു. പരമാവധി വില ലഭിച്ച ആധാരങ്ങൾ ലഭ്യമാക്കിയാൽ അത് പരിഗണിക്കാമെന്നും ഡെപ്യൂട്ടി കലക്ടർ ഉറപ്പ് നൽകിയിരുന്നു.
നഷ്ടപരിഹാര പ്രഖ്യാപനം വന്നപ്പോൾ ഈ വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണ്. 4100 കൈവശക്കാർക്കാണ് ജില്ലയിൽ ഭൂമി നഷ്ടപ്പെടുന്നത്. ഇതിൽ 30ൽ താഴെ ആളുകൾക്ക് മാത്രമാണ് സർക്കാർ പ്രഖ്യാപിച്ച 4,92,057 രൂപ നിരക്കിലുള്ള നഷ്ടപരിഹാരം ലഭിക്കൂ. ഒരേ പദ്ധതിക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഭൂമി വില കണക്കാക്കിയതിൽ വലിയ അന്തരമുണ്ട്.വാർത്തസമ്മേളനത്തിൽ ജില്ല ആക്ഷൻ കൗൺസിൽ കൺവീനർ ലാല അരീക്കോട്, കെ.പി. അബ്ദുറഷീദ്, ഇ. ബഷീർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.