തേഞ്ഞിപ്പലം: കാലപ്പഴക്കം കാരണം വര്‍ഷങ്ങളായി അപകടാവസ്ഥയിലായ ചേളാരി ഐ.ഒ.സി പ്ലാന്റിന്റെ സുരക്ഷ ചുറ്റുമതില്‍ കനത്ത മഴയില്‍ തകര്‍ന്നു. മൂന്നാള് പൊക്കവും മൂന്ന് മീറ്ററോളം വീതിയുമുള്ള 30 പതിറ്റാണ്ടോളം പഴക്കമുള്ള കൂറ്റന്‍ മതിലിന്റെ ഒരു ഭാഗമാണ് നിലം പൊത്തിയത്. വ്യാഴാഴ്ച രാവിലെ 11.30ഓടെ പെയ്ത ശക്തമായ മഴയില്‍ ചേളാരിയിലെ ഗവ. പോളിടെക്നിക് കോളജ് കാമ്പസിന് സമീപം ചാലിയില്പാടം ഭാഗത്തെ തെക്ക് പടിഞ്ഞാറെ മൂലയിലെ മതില് തകരുകയായിരുന്നു.
ഈ സമയം മതിലിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രികന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മതില് തകര്‍ന്ന് കല്ലും മണ്ണും റോഡിലേക്ക് പതിച്ചതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും വൈദ്യുതി കാല് തകര്‍ന്നതിനാല്‍ വൈദ്യുതി വിതരണവും മുടങ്ങി. ഇതോടെ ദേശീയപാത പ്രവൃത്തി നടത്തുന്ന കെ.എന്‍.ആര്.സി.എല്‍ കമ്പനിയുടേത് അടക്കമുള്ള ഹിറ്റാച്ചിയും ജെ.സി.ബിയും ടിപ്പര്‍ ലോറികളും ഉപയോഗിച്ച് റോഡിലേക്ക് പതിച്ച കരിങ്കല്‍ കല്ലും മണ്ണും നിറഞ്ഞ കൂമ്പാരം വ്യാഴാഴ്ച രാത്രി വൈകിയും എടുത്തുമാറ്റുകയാണ്.
കല്ലുകള്‍ക്കും മണ്ണിനും അടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. എന്നാല്‍ അത്തരമൊരു സാഹചര്യമില്ലെന്നാണ് പ്രാഥമിക നിഗമനം. 30 പതിറ്റാണ്ടുകള്‍ പഴക്കമുള്ള മതില് വിണ്ടുകീറി അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. തേഞ്ഞിപ്പലം പഞ്ചായത്ത് അധികൃതരും എം.എല്‍.എ വിഷയത്തിന്റെ ഗൗരവം ജില്ല കലക്ടര്‍ അടക്കമുള്ളവരെ പല തവണ അറിയിച്ചിട്ടും മതില് പൊളിച്ച് പുതുക്കി പണിയാന്‍ നടപടിയുണ്ടാകാത്തതാണ് ഈയൊരു അവസ്ഥക്കിടയാക്കിയത്.
നിശ്ചയിച്ച തുകക്ക് ടെന്‍ഡറെടുക്കാന്‍ ആളില്ലാത്തതിനാലാണ് മതില് പൊളിച്ചുപണിയല്‍ അനിശ്ചിതാവസ്ഥയിലായത്. മതില് തകര്ന്നുവീണാലുള്ള അപകടാവസ്ഥ തേഞ്ഞിപ്പലം പഞ്ചായത്ത് ജനപ്രതിനിധികള്‍ ഐ.ഒ.സി പ്ലാന്റ് അധികൃതരെ പലതവണ ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും നപടിയുണ്ടായില്ലെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്.
പരപ്പനങ്ങാടി: ദാ വരുന്നു..., ഇപ്പം ശരിയാക്കി തരാം...തുടങ്ങി അധികൃതരുടെ മറുപടി കേട്ടുമടുത്ത വീട്ടുകാർ വീടുകയറിയ വെള്ളം ഒഴുക്കിവിടാൻ ആയുധങ്ങളുമായി രംഗത്തിറങ്ങി.
മാപ്പൂട്ടിൽ പാടത്തെ പട്ടണത്ത് കമ്മുവിന്റെ വീട്ടിലും ചുറ്റുഭാഗത്തെ വീടുകളുടെ ചുറ്റുവട്ടത്തുമാണ് വെള്ളം കയറിയത്. കമ്മുവും കുടുംബവും വീടൊഴിഞ് പോയ വാർത്ത ‘മാധ്യമം’ പ്രസിദ്ദീകരിച്ചതോടെ അധികൃതർ പലരും വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും അടഞ്ഞുകിടക്കുന്ന ഓട തുറന്ന് തടസ്സങ്ങൾ നീക്കാൻ തൊഴിലാളികൾ വരുന്നെ എന്നു പറയുകയല്ലാതെ പ്രായോഗിക പരാഹാരം കണ്ടില്ല.
ഇതേ തുടർന്ന് പട്ടണത്ത് കമ്മുവും സമീപവാസികളായ ഫൈസൽ, ബാവ, മുഹമ്മദ് ബാവ എന്നിവരാണ് മാപ്പൂട്ടിൽ റോഡിനടിയിലൂടെ പോകുന്ന ഓവുപാലത്തിനടയിലെ തടസ്സങ്ങൾ സാഹസപെട്ട് നീക്കിയത്. ഇതോടെ പ്രദേശത്തെ വെള്ളപൊക്ക ഭീഷണിക്ക് താൽക്കാലിക ശമനമുണ്ടായി.
എ.ആര്.നഗര്‍: കനത്തമഴയില്‍ വീടിന് മുകളിലേക്ക് ഭീമൻ പാറ അടര്‍ന്നുവീണ് വീടും മതിലും തകര്‍ന്നു. കൊളപ്പുറം ആസാദ് നഗറില്‍ തുമ്പയില്‍ മൊയ്തീന്റെ വീടിന് മുകളിലേക്കാണ് അയല്‍വാസിയുടെ പറമ്പിലെ പാറ അടര്‍ന്നുവീണത്. വീടിന്റെ അടുക്കളയും ശുചിമുറിയും പിന്‍ഭാഗത്തെ മതിലും പാടെ തകര്‍ന്നു വീട് ഉപയോഗ ശൂന്യമായി. വീട് നിൽക്കുന്ന പറമ്പിനു മുകളിലുണ്ടായിരുന്ന പാറയാണ് ഉരുണ്ടുവീണത്.
പാറ വീണ് ചുമരുകളെല്ലാം പൊട്ടി. നിത്യരോഗിയായ മൊയ്തീനും കുടുംബവും തൊട്ടടുത്ത അയൽവാസിയുടെ വീട്ടിലേക്ക് താമസം മാറി. പാറ പൊട്ടിച്ചു മാറ്റി വീട് മാറ്റി പണിയേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു. ഈ വീടിനു താഴ്ഭാഗത്തും മറ്റൊരു വീടുണ്ട്. പാറ തെന്നി മാറി താഴോട്ടു വീഴുമോ എന്ന ഭീതിയും നില നിൽക്കുന്നു. പഞ്ചായത്ത് അധികൃതരും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. വീട് തകർന്ന നിർധന കുടുംബത്തിന് ഉടൻ വീട് പുനർ നിർമിച്ചു നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തിരൂർ: ഈസ്റ്റ് അരിക്കാഞ്ചിറയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ഈസ്റ്റ് അരിക്കാഞ്ചിറയിലെ വാഴകണ്ണാടി സോദരന്റെ വീട്ടിലെ കിണറാണ് ബുധനാഴ്ച വൈകീട്ട് 5.30യോടെ ഇടിഞ്ഞുതാഴ്ന്നത്. കിണറിന് സമീപം അലക്കുകയായിരുന്ന സോദരന്റെ ഭാര്യ സൗമിനി അദ്ഭുതകരമായി രക്ഷപ്പെട്ടു.
കിണറിന് ചുറ്റുഭാഗമുള്ള മണ്ണ് ഇടിഞ്ഞുതാഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടമ്മ വീട്ടിനകത്തേക്ക് ഓടികയറുകയായിരുന്നു. കിണറിന് സമീപത്തുണ്ടായിരുന്ന മോട്ടോറും കിണറിനൊപ്പം താഴ്ന്നു. കിണറിന് 18 വർഷത്തോളം പഴക്കമുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.
എടപ്പാൾ: കനത്ത മഴയിൽ എടപ്പാൾ മേഖല വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പെയ്ത മഴയാണ് ദുരിതം വിതച്ചത്. എടപ്പാൾ ആരോഗ്യ കേന്ദ്രത്തിലെ ഒ.പി. ഭാഗത്ത് വെള്ളം കയറി. പൊന്നാനി റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി.
കടകൾക്കുള്ളിലേക്ക് കാനയിലെ വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. എടപ്പാൾ ടൗണിൽ തൃശൂർ-പൊന്നാനി റോഡുകളുടെ സംഗമസ്ഥാനത്തുള്ള കെട്ടിടങ്ങളിലെ കടക്കാരാണ് ദുരിതത്തിലായത്. കുറ്റിപ്പുറം-തൃശൂർ റോഡും പട്ടാമ്പി റോഡും ഉയർന്ന അവസ്ഥയിലും പൊന്നാനി റോഡ് താഴ്ന്ന നിലയിലുമാണ് ഈ ടൗണിൽ സംഗമിക്കുന്നത്.
മഴപെയ്താൽ മൂന്നു റോഡുകളിലെയും വെള്ളം ഒഴുകിയെത്തി ടൗണിലെ റൗണ്ട് എബൗട്ടിനും ചുറ്റും കെട്ടിക്കിടന്ന് താഴ്ന്ന ഭാഗമായ പൊന്നാനി റോഡിലേക്ക് കുത്തിയൊഴുകുന്ന അവസ്ഥയാണ്. ആനക്കര-വട്ടംകുളം റോഡിലെ വ്യാപാര സ്ഥാപനത്തിലേക്കും നിരവധി
എടപ്പാൾ: എല്ലാ റോഡിലും അഴുക്കുചാൽ ഉണ്ടെങ്കിലും ഒന്നിലേക്കും വെള്ളം കയറില്ല. ടൗണിലെ മേൽപ്പാലമടക്കമുള്ള നിർമാണ പ്രവൃത്തികൾ കഴിയുന്നതിനനുസരിച്ച് റോഡ് ഉയരും. അതിനൊപ്പം കാനയിലേക്ക് വെള്ളമൊഴുകിയിറങ്ങാനുള്ള ദ്വാരങ്ങളത്രയും അടഞ്ഞു.
ശേഷിക്കുന്നവയിലൂടെ വ്യാപാരികളും തെരുവുകച്ചവടക്കാരും മാലിന്യം കുത്തിയിറക്കുകയും ചെയ്തു.
അതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. കഴിഞ്ഞവർഷം പൊതുമരാമത്ത് വകുപ്പ് അധികൃതരെത്തി പരിഹാര പദ്ധതി തയാറാക്കിയിരുന്നെങ്കിലും നടപ്പായില്ലെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു.
ടൗണിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളമൊഴുകിയിറങ്ങുന്നത് പരിഹരിക്കാനായി 50 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായി. എടപ്പാൾ ആശുപത്രി മുതൽ താഴേക്കുള്ള ഭാഗത്ത് ഐറിഷ് മോഡൽ ഡ്രൈനേജ് നിർമിച്ച് വെള്ളമത്രയും കാനയിലേക്കിറക്കാനുള്ള സംവിധാനമൊരുക്കും. ടൗണിലെ നടപ്പാതയും ഉയർത്തി അഴുക്കുചാലിലേക്ക് വെള്ളമൊഴുകാനുള്ള ദ്വാരങ്ങൾ നിർമിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.