മലപ്പുറം: രോഗശയ്യയിൽ കിടക്കുമ്പോൾ സ്വന്തം വീടെന്ന സ്വപ്നം പൂവണിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മക്കരപറമ്പ് തടത്തിൽകുണ്ട് പുതിയപറമ്പത്ത് ഷരീഫ് എന്ന മുത്തു ജീവിതത്തോട് കഴിഞ്ഞയാഴ്ച യാത്ര പറഞ്ഞത്.
കടുത്ത പ്രയാസത്തിലായിരുന്ന മുത്തുവിന്റെ കുടുംബത്തിനായി മുസ്ലിം ലീഗ് നിർമിച്ചുനൽകുന്ന 'ബൈത്തുറഹ്മ' വീടിന്റെ സമർപ്പണ തീയതി ഉറപ്പിച്ചിരിക്കെയായിരുന്നു മരണം. നാടിനെ ഒന്നാകെ ദുഃഖത്തിലായി അദ്ദേഹം യാത്ര പറഞ്ഞെങ്കിലും നിശ്ചയിച്ച തീയതിയിൽ കുടുംബത്തിന് ബൈത്തുറഹ്മ കൈമാറി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് കൈമാറ്റം നിർവഹിച്ചത്.
ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്ന മുത്തു കടബാധ്യത മൂലം താമസിക്കുന്ന വീടും സ്ഥലവും വിറ്റ് വാടകവീട്ടിൽ കഴിയുകയായിരുന്നു. വൃക്കരോഗവും മറ്റ് ശാരീരിക അസ്വസ്ഥതയും കാരണം നാട്ടിലേക്ക് മടങ്ങി. കാഴ്ചകൂടി നഷ്ടപ്പെട്ട് ദയനീയാവസ്ഥയിലായ കുടുംബത്തെ സഹായിക്കാൻ തടത്തിലക്കുണ്ട് മുസ്ലിം ലീഗ് കമ്മിറ്റി, കെ.എം.സി.സി എന്നിവർ മുന്നിട്ടിറങ്ങി. സഹോദരൻ കരീമിന് കുടുംബവിഹിതമായി ലഭിച്ച ഭൂമി മുത്തുവിന് സൗജന്യമായി നൽകി.
വീട് പണി പൂർത്തിയാവുന്നതിനിടയിലാണ് രോഗം മൂർച്ഛിച്ചത്. സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ തേടിയെങ്കിലും വിധി മുത്തുവിനെയും കൊണ്ട് യാത്രയായി. ബൈത്തുറഹ്മയിൽ കുടിയിരിക്കണമെന്ന് ആഗ്രഹിച്ച മുത്തുവിന്റെ മൃതദേഹം പ്രവർത്തകർ വീട്ടിൽ എത്തിച്ചിരുന്നു. കഴിഞ്ഞദിവസം ബൈത്തുറഹ്മയിൽ പ്രാർഥന സദസ്സും താക്കോൽ കൈമാറ്റവും നടന്നു. പി. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ കെ.കെ.എസ്. ബഷീർ ഉസൈൻ തങ്ങൾ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.