കാളികാവ്: കാളികാവ്, ചോക്കാട് മേഖലയിൽ കാറ്റിലും മഴയിലും വ്യാപക നാശം. വൈദ്യുതി പോസ്റ്റുകൾ തകർന്നു. റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
മാളിയേക്കൽക്കുന്ന്, അഞ്ചച്ചവിടി, കളപ്പാട്ടുമുണ്ട, പരിയങ്ങാട്, തുവ്വപ്പെറ്റ, പൂച്ചപ്പൊയിൽ ഭാഗങ്ങളിലാണ് കാറ്റ് വീശിയത്. കനത്ത മഴയിൽ തോടുകളും പുഴയും നിറഞ്ഞൊഴുകി.
റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തുവ്വപ്പെറ്റയിലെ നെടുങ്ങാടൻ യൂസുഫിന്റെ വീടിന്റെ അടുക്കള ഭാഗം തെങ്ങ് വീണു പൂർണമായും തകർന്നു.
കളപ്പാട്ടുമുണ്ടയിലെ പൊട്ടേക്കൽ മുഹമ്മദ് എന്ന മാനു, കെ.ടി. ചേക്കുണ്ണി എന്നിവരുടെ അമ്പതോളം റബർ മരങ്ങൾ വീണു. ആലുങ്ങൽ അബുവിന്റെ തെങ്ങ്, കവുങ്ങ്, റബർ എന്നിവ മറിഞ്ഞുവീണു. പുലിവെട്ടി മജീദിന്റെ വീടിനു മുകളിൽ തേക്ക് വീണ് കേടുപാട് പറ്റി.
കളപ്പാട്ടുമുണ്ടയിൽ വ്യാപകമായി മരം വീണു. പണിക്കൊള്ളി അബ്ദുല്ലയുടെ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. കളപ്പാട്ടുമുണ്ടയിൽ മൂന്നു സ്ഥലങ്ങളിൽ വൈദ്യുതിപോസ്റ്റ് പൊട്ടിവീണിട്ടുണ്ട്. മാളിയേക്കൽക്കുന്നിൽ പരുത്തിക്കുന്നൻ ആയിഷയുടെ വീട് മരം വീണ് പൂർണമായി തകർന്നു.
ടി.പി. ഷറഫുദ്ദീൻ, മാഞ്ചേരിക്കുരിക്കൾ ഹസൻ, പുളിയക്കുത്ത് മുനീറ, പി.എം. ഷറഫുദ്ദീൻ, മഞ്ഞപ്പെറ്റ കുഞ്ഞി, അണ്ടിക്കാടൻ ഹുസൈൻ, പരുത്തിക്കുന്നൻ അബ്ദുൽ സലാം എന്നിവരുടെ വീടുകളുടെ മുകളിലൂടെ മരം വീണു വീടുകൾ തകർന്നു. പ്രദേശത്തെ നിരവധി പേരുടെ റബർ, തേക്ക്, പ്ലാവ് തുടങ്ങിയവ കടപുഴകി.
സ്രാമ്പിക്കല്ല് അങ്ങാടിയിലും വെള്ളം കയറി. കടകളിലും പരിസരത്തെ ഏതാനും വീടുകളിലും വെള്ളം കയറി.
അംഗൻവാടിയും റോഡും വെള്ളത്തിനടിയിലായി. പെരിങ്ങപ്പാറ മേഖലയിലും വെള്ളം കയറി. റോഡിലെ പാലം ഭീഷണിയിലാണ്.
എടക്കര: വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിൽ അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിൽ വെള്ളം കയറി. എടക്കരയിലും മുപ്പിനിയിലുമാണ് വെള്ളം കയറിയത്. വൈകുന്നേരം നാലോടെയാണ് റോഡിൽ വെള്ളപ്പൊക്കമുണ്ടായത്. ഓവുചാലുകൾ അടഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. കാർ ഉൾപ്പടെ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമുണ്ടായി. അഞ്ച് മണിയോടെയാണ് റോഡിൽ വെള്ളക്കെട്ട് ഒഴിഞ്ഞത്.
കാളികാവ്: കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായത് അടക്കാകുണ്ട് ചങ്ങണംകുന്നിൽ വീടുകൾക്ക് ഭീഷണിയായി. വ്യാഴാഴ്ച വൈകീട്ട് നാലോടെയുണ്ടായ മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. എഴുപതേക്കർ റോഡിന് സമീപത്തെ സുരയ്യ വെള്ളിലാംകുന്നന്റെ വീടിന് മുകൾഭാഗത്താണ് കുന്നിൽ ഇടിച്ചിലുണ്ടായത്. ഉഷ ഐക്കരകുന്നന്റെ വീടിന് മുൻവശം ഇടിഞ്ഞു. മഴ തുടർന്നാൽ മറ്റു വീടുകൾക്കും ഭീഷണിയാവുമെന്ന് ആശങ്കയുണ്ട്. ചോക്കാട് കല്ലാമൂലയിലും മഴ ഏറെ നാശം വരുത്തി. കല്ലാമൂല അങ്ങാടിക്ക് സമീപം താമസിക്കുന്ന ചാത്തോലി അസൈനാർ എന്ന ബാപ്പുവിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നു. കനത്ത മഴയിൽ ചാഴിയോട് ഭാഗത്ത് പുഴ കരകവിഞ്ഞു.
കരുളായി: മലയോരത്ത് വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ അമരമ്പലം, കരുളായി പഞ്ചായത്തുകളിലെ മിക്ക പാടശേഖരങ്ങളും വെള്ളത്തിനടിയിലായി. ചേലോട്, കൊട്ടാരക്കാട്, പുല്ലുപറമ്പ്, പെരുമ്പൊയില്‍ പാടശേഖരങ്ങളിലും ക്രമാതീതമായി വെള്ളം കയറി.
വേനലായതിനാൽ വന്‍ കൃഷിനാശം സംഭവിച്ചില്ല. എന്നാൽ, പാടശേഖരങ്ങളില്‍ കൃഷി ചെയ്ത ഇടവിളകളായ കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയെ ബാധിച്ചേക്കും. കാറ്റിൽ കരുളായി കാര്ളിക്കോട്ടില് പട്ടിക്കാട് വിശ്വനാഥന്റെ വീടിന്റെ അടുക്കളയിലേക്ക് 12 അടി ഉയരത്തിലുണ്ടായിരുന്ന ജലസംഭരണി ഇടിഞ്ഞുവീണു. അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.