എ.പി. ഷഫീഖ്
തിരൂര്‍: ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയായിട്ടും സൗകര്യങ്ങളില്‍ താലൂക്ക് ആശുപത്രിക്ക് സമാനമാണ് തിരൂര്‍ ജില്ല ആശുപത്രി. തീരദേശ മേഖലയില്‍നിന്ന് ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് രോഗികളാണ് ദിനേന ഇവിടേക്കെത്തുന്നത്. എന്നാല്‍, മികച്ച പല പദ്ധതികളും ഇപ്പോഴും പാതിവഴിയിലാണ്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ലിഫ്റ്റ് ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നില്ല. കൂടാതെ പാര്‍ക്കിങ് സൗകര്യവുമില്ല. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണവും കുറവാണ്.
സ്ഥലംമാറ്റം ലഭിച്ച ആശുപത്രി സൂപ്രണ്ടിന്റെ അനാസ്ഥ പലപ്പോഴും പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ആശുപത്രി കാന്റീനില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗം കാന്റീന് അടച്ചുപൂട്ടിയ സംഭവവും രണ്ടുമാസം മുമ്പ് ചര്‍ച്ചയായതാണ്.ജില്ല ആശുപത്രിയിലെ ചില ജീവനക്കാരുടെ രോഗികളോടുള്ള മോശം പെരുമാറ്റവും അതിനെ തുടര്‍ന്ന് മതിയായ ചികിത്സ ലഭിക്കാത്തതും വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരൂര്‍ ജില്ല ആശുപത്രി ഇടയാക്കിയ സംഭവവും മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നു.
ആശുപത്രിയിലെ ഒ.പി കൗണ്ടര്‍ വര്‍ധിപ്പിക്കണമെന്നാവശ്യം ശക്തമാണ്. മഴക്കാലമായതോടെ പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ട്. ദിനേന 2000 രോഗികളാണ് ചികിത്സ തേടി എത്തുന്നത്.
ഇതില്‍ ഭൂരിഭാഗവും തീരദേശ മേഖലയില്‍നിന്നുള്ള സാധാരണക്കാരാണ്. സൂപ്പര്‍ സ്പെഷാലിറ്റി ഗ്യാസ്ട്രോ എന്‍ട്രോളജി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയാണിത്. ജനറല്‍ ഒ.പി വര്‍ധിപ്പിക്കുന്നതോടൊപ്പം ഡോക്ടര്‍മാരുടെ സേവനം വര്‍ധിപ്പിക്കേണ്ടതും അനിവാര്യമാണ്. ഇതോടൊപ്പം സ്പോര്‍ട്സ് മെഡിസിന് ചികിത്സയും ആരംഭിക്കേണ്ടതുണ്ട്. കിടത്തി ചികിത്സ സൗകര്യത്തില്‍ നിലവില്‍ പോരായ്മകളില്ല. 220 കിടക്കകളാണ് ആശുപത്രിയിലുള്ളത്.
ജില്ലയിലെയും സമീപ ജില്ലകളിലെയും അർബുദ രോഗികള്‍ക്ക് ഏറെ ആശ്രയമായി മാറേണ്ടിയിരുന്ന ഓങ്കോളജി ബ്ലോക്ക് നിർമാണം ആറ് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല. 90 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായെങ്കിലും പദ്ധതിയുടെ അവസാനഘട്ടം ഫണ്ടില്ലാത്തതിനാല്‍ പാതിവഴിയിൽ നിലച്ചു. നബാര്‍ഡിന്റെ സഹായത്തോടെ 35 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ടൈല്‍സ് പ്രവൃത്തികള്‍ക്കും ചികിത്സക്കാവശ്യമായ ഉപകരണങ്ങളുമാണ് ഇനി വാങ്ങേണ്ടത്. നിയമസഭയിലുള്‍പ്പെടെ തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന് പദ്ധതിക്കായി ഫണ്ട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതും പദ്ധതി പൂര്‍ത്തീകരണത്തിന് തടസ്സമായി. നിലവില്‍ മാസം ശരാശരി 2500 മുതല്‍ 3000 രോഗികള്‍ വരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ അർബുദ ചികിത്സക്ക് എത്തുന്നുണ്ട്.
സി. മമ്മുട്ടി എം.എല്‍.എയുടെ കാലത്ത് ആറ് മോഡുലാര്‍ ഓപറേഷന് തിയറ്ററിന് തുക അനുവദിക്കുകയും പദ്ധതി മുക്കാല്‍ ഭാഗം പൂര്‍ത്തിയാവുകയും ചെയ്തതാണ്. എന്നാല്‍, പ്രവൃത്തി ഏറ്റെടുത്ത ഏജന്‍സികളുടെ സാങ്കേതിക പ്രശ്നങ്ങൾ മൂലം പദ്ധതി പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കാനായിട്ടില്ല. നേരത്തെയുണ്ടായിരുന്ന ഓപറേഷന് തിയറ്റര്‍ ബ്ലോക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തിനശിച്ചതിനെ തുടര്‍ന്ന് നിലവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിലാണ് എല്ലാവിധ സര്‍ജറിയും നടക്കുന്നത്. വര്‍ഷങ്ങളായിട്ടും ഇതിന് ബദല്‍ സംവിധാനം ഒരുക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായിട്ട് ഒന്നര വര്‍ഷമായിട്ടും സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഇതുവരെ നന്നാക്കാനായിട്ടില്ല. ഇത് പ്രായമായവര്‍ക്കും നടക്കാന്‍ കഴിയാത്ത രോഗികള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. നിലവില്‍ ജീവനക്കാര്‍ക്കായുള്ള ലിഫ്റ്റിലാണ് രോഗികളെയും കൊണ്ടുപോവുന്നത്. ആശുപത്രിയില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് വാഹന പാര്‍ക്കിങ് സൗകര്യമില്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
റോഡരികിലോ സ്വകാര്യ സ്ഥാപനങ്ങളിലോ പാര്‍ക്ക് ചെയ്യേണ്ട സാഹചര്യമാണ്. പാർക്കിങ്ങിനായി മാതൃ-ശിശു ബ്ലോക്കോ ബി.എസ്.എന്‍.എല്‍ ഓഫിസ് പരിസരമോ സജ്ജീകരിക്കണമെന്നാണ് നാട്ടുകാരുള്‍പ്പെടെയുള്ളവരുടെ ആവശ്യം. എന്നാല്‍, ഇക്കാര്യത്തിലും അധികൃതര്‍ ഇതുവരെ അനുകൂല നിലപാടെടുത്തിട്ടില്ല. നിലവില്‍ കാന്റീന് പകരം ബദല്‍ സംവിധാനമാണുള്ളത്. കാന്റീന് ഉടൻ തുറന്നുകൊടുക്കണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ഒരുപോലെ ആവശ്യപ്പെടുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.