മലപ്പുറം: ജൽജീവൻ മിഷൻ പദ്ധതിയിൽ മലപ്പുറം മണ്ഡലത്തിൽ സമഗ്ര ശുദ്ധജല പദ്ധതിയുടെ ജലസംഭരണി നിർമിക്കാനുള്ള സ്ഥലം വാങ്ങുന്നതിൽ തീരുമാനമായില്ല. സ്ഥലം വാങ്ങാൻ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് പാലിക്കാൻ സാധിക്കില്ലെന്നതാണ് വെല്ലുവിളി. അതേസമയം, പദ്ധതിക്കായി സർക്കാർ ഭൂമി ലഭ്യമാക്കുമെന്നും സ്വകാര്യ ഭൂമി വാങ്ങാൻ എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട് ഉപയോഗപ്പെടുത്താമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത് പ്രതീക്ഷ നൽകുന്നുണ്ട്.
മലപ്പുറം മണ്ഡലത്തിൽ പൂക്കോട്ടൂർ, പുൽപ്പറ്റ, മൊറയൂർ ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് ജൽജീവൻ മിഷനിൽ ഉൾപ്പെടുത്തി സമഗ്ര ജലപദ്ധതി ആരംഭിക്കുന്നത്. ഓരോ പഞ്ചായത്തിലും ടാങ്ക് നിർമിക്കാൻ 20 സെന്റും ട്രീറ്റ്മെന്റ് പ്ലാന്റിന് ഒരേക്കറും ഭൂമി വേണം.
പദ്ധതി നടത്താനാവശ്യമായ തുക കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിക്കുമെങ്കിലും ആവശ്യമായ ഭൂമി വാങ്ങേണ്ട ചുമതല പഞ്ചായത്തുകൾക്കാണ്. എന്നാൽ, പല പഞ്ചായത്തുകളുടെ കീഴിലും ഭൂമി ലഭ്യമല്ല. സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുവാദമുണ്ടെങ്കിലും സെന്റിനു പരമാവധി 30,000 രൂപയേ നൽകാനാവൂ. ഈ തുകക്ക് ഭൂമി ലഭിക്കാൻ പ്രയാസമാണ്.
കൂടിയ തുക നൽകി ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി ലഭ്യമല്ലാത്തതിനാൽ ജൽജീവൻ പദ്ധതി അവതാളത്തിലാകുമോ എന്ന് ആശങ്കയുണ്ട്. കൂടാതെ വിപണി വിലയ്ക്ക് ഭൂമി വാങ്ങുമ്പോൾ ഭാരിച്ച തുക പഞ്ചായത്തുകൾക്ക് നീക്കിവെക്കേണ്ടി വരും. അതു പഞ്ചായത്തുകളുടെ പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുമെന്നതും പ്രതിസന്ധിയാണ്. പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റിനായി മൊറയൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പൂക്കോട്ടൂർ, പുൽപറ്റ, മൊറയൂർ പഞ്ചായത്തുകളിലെ ശുദ്ധജലപദ്ധതിക്ക് 180.51 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.