കൽപകഞ്ചേരി: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് കുട്ടികളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും കൽപകഞ്ചേരി പൊലീസ് പിടികൂടി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിഠായി ബഷീർ എന്ന പാറമ്മൽ ബഷീർ (49), സഹായി കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി കാവുങ്ങൽ ഷംസുദ്ദീൻ (41) എന്നിവരെയാണ് കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തും താനൂർ ഡാൻസഫ് സംഘവും അറസ്റ്റ് ചെയ്തത്.
നവംബർ എട്ടിന് പട്ടർനടക്കാവ് കൈത്തക്കരയിൽ വീടിന്റെ ഉമ്മറത്ത് കളിക്കുകയായിരുന്ന ഒന്നര വയസ്സുള്ള പെൺകുട്ടിക്ക് മിഠായി നൽകി അരപവന്റെ മാല പൊട്ടിച്ച് ബഷീർ ഓടി രക്ഷപ്പെട്ടിരുന്നു. നാലുദിവസത്തിനുശേഷം പാങ്ങ് ചേണ്ടിയിൽ മൂന്നുവയസ്സുള്ള പെൺകുട്ടിയുടെ മുക്കാൽ പവന്റെ മാലയും പിടിച്ചുപറിച്ചു. സ്വർണം വിൽക്കാൻ പ്രതിക്ക് സഹായം നൽകിയത് ഷംസുദ്ദീനാണ്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ബഷീറിനെതിരെ സമാന കേസുണ്ട്. സ്വർണം വിറ്റ് ലഭിച്ച പണവുമായി മുങ്ങിയ ബഷീർ എറണാകുളം പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം ഹോട്ടൽ തൊഴിലാളിയായി ജോലിചെയ്ത് വരുകയായിരുന്നു. ഇവിടെനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇറച്ചി-മത്സ്യ കച്ചവടക്കാരനായ ഷംസുദ്ദീനെ കൊണ്ടോട്ടിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
വാഹനമോഷണം, മാല മോഷണം തുടങ്ങി നിരവധി കേസുകളിൽ ജയിൽ ശിക്ഷ കഴിഞ്ഞ് നാലുമാസം മുമ്പാണ് ബഷീർ പുറത്തിറങ്ങിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ഷംസാദ്, ജംഷാദ്, ടി.പി. ഷെറിൻ ബാബു, ജിനേഷ്, ശബറുദ്ദീൻ, കെ. അഭിമന്യു, ആൽബിൻ, വിപിൻ, ഹരീഷ് ചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.