കരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിനായി ഇനിയും ഭൂമിയേറ്റെടുക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് സമരസമിതി. ഭൂമി നഷ്ടപ്പെടുന്നവരെയും സമരസമിതിയെയും കേൾക്കാൻ മടിക്കുന്ന ചർച്ചകൾ പ്രഹസനമാണ്. വലിയ വിമാനവും ഹജ്ജ് പുറപ്പെടൽ കേന്ദ്രവും പുനഃസ്ഥാപിക്കുന്നതിനും ആത്മാർഥമായ ഇടപെടൽ ബന്ധപ്പെട്ടവർ നടത്തുന്നില്ല. ഭൂമി ഏറ്റെടുക്കലിന്റെ പേരിൽ അനാവശ്യമായ കാലതാമസം ഉണ്ടാക്കി വിമാനത്താവളത്തെ നശിപ്പിക്കുവാനാണ് ശ്രമം.
485 ഏക്കർ വേണമെന്ന വാദമുയർത്തി ജനങ്ങളെ പീഡിപ്പിച്ചവർ ഇപ്പോൾ 18 ഏക്കറിലേക്ക് ചുരുങ്ങിയത് ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടിയാണ്. ഇതിന് മന്ത്രിയെ ചുമതലപ്പെടുത്തുമ്പോഴും 152 ഏക്കർ ഭൂമി ഏറ്റെടുക്കുവാനുള്ള വിജ്ഞാപനം നിലനിൽക്കുന്നുണ്ട്. വിമാനത്താവളത്തിനകത്ത് പ്രവർത്തിക്കുന്ന സ്കൂൾ, ഗ്രൗണ്ട് അടക്കം പുറത്തേക്ക് മാറ്റിയാൽ പാർക്കിങ് അടക്കമുള്ളവ പൂർത്തീകരിക്കാൻ കഴിയും.
തുടർവികസന സാധ്യതകളെക്കുറിച്ചും അതുവഴി ഉണ്ടാകാവുന്ന പാരിസ്ഥിതിക-സാമൂഹികാഘാതത്തെക്കുറിച്ചും പഠനം നടത്തണം. 20 വർഷത്തോളമായി ജനങ്ങൾ നടത്തുന്ന പോരാട്ടം തുടരുമെന്നും സമരസമിതി അറിയിച്ചു.
ഭാരവാഹികളായ ചുക്കാൻ ബിച്ചു, ജാസിർ കരിപ്പൂർ, കെ.കെ. മൂസകുട്ടി, കെ. സൽമാൻ, സുഹൈറലി, കെ.പി. ഫിറോസ്, നൗഷാദ് ചുള്ളിയൻ, ആലുങ്ങൽ ആസിഫ്, എം. യൂസുഫ്, എം.എ. റഹീം, അലവി ഹാജി എന്നിവർ സംസാരിച്ചു.
കോഴിക്കോട് വിമാനത്താവള വികസനത്തിനായി 18.5 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നാണ് കായിക, ഹജ്ജ് വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചത്. നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മലപ്പുറം കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റൺവേയുടെ രണ്ട് അറ്റത്തായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഭൂമി ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ചയിലെ യോഗതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. തുടർന്ന് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള ഉത്തരവ് ഇറക്കിയതിന് ശേഷമായിരിക്കും നടപടികൾ ആരംഭിക്കുക.
മാർച്ച് 23ന് പാർലമെന്റിൽ വ്യോമയാന മന്ത്രാലയത്തിന്റെ ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൺവേ വികസിപ്പിക്കുന്നതിന് 18.5 ഏക്കർ ഭൂമി ആവശ്യപ്പെട്ടിരുന്നു. മാർച്ച് 24ന് കേന്ദ്ര മന്ത്രി സിന്ധ്യ മുഖ്യമന്ത്രി പിണറായി വിജയന് ഈ ആവശ്യമുന്നയിച്ച് കത്തയച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് യോഗം ചേർന്നത്. കലക്ടർ വി.ആർ. പ്രേംകുമാർ, വികസന കമീഷണർ പ്രേംകൃഷ്ണൻ, സബ് കലക്ടർ ശ്രീധന്യ സുരേഷ്, എ.ഡി.എം മെഹ്റലി, ഡെപ്യൂട്ടി കലക്ടർമാരായ ലത, ജോസ് രാജ്, വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം, വ്യോമഗതാഗത വിഭാഗം ജോ. ജനറൽ മാനേജർ ഒ.വി. മാക്സിസ്, ഓപറേഷൻസ് ജോ. ജനറൽ മാനേജർ എസ്. സുന്ദരം, ലാൻഡ് മാനേജ്മെന്റ് അസി. മാനേജർ കെ. നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.
കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതിയുടെ നിർദേശ പ്രകാരമാണ് നടപടി. ഇപ്പോൾ 90 മീറ്ററാണ് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ). സുരക്ഷ നടപടികളുടെ ഭാഗമായി ഇത് 240 മീറ്ററായി വർധിപ്പിക്കണമെന്നാണ് സമിതി നിർദേശം. റെസ ദീർഘിപ്പിക്കുന്നതോടെ നിലവിലുള്ള 2,860 മീറ്റർ റൺവേ പൂർണമായി ഉപയോഗിക്കാനാകും. ഭൂമി ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ റൺവേയിൽ 320 മീറ്റർ കുറച്ച് റെസ നീട്ടണമെന്നായിരുന്നു നിർദേശം.
ഇതോടെ, റൺവേ 2,540 മീറ്ററായി ചുരുങ്ങും. ഇത് ഒഴിവാക്കുന്നതിനാണ് ഭൂമി ഏറ്റെടുക്കുന്നത്. പടിഞ്ഞാറ് ഭാഗത്തെ റൺവേ പത്തിൽ 11 ഏക്കറും കിഴക്ക് വശത്തെ റൺവേ 28ൽ ഏഴര ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. വലിയ വിമാന സർവിസുകൾ പുനഃസ്ഥാപിക്കണമെങ്കിൽ റെസ നീട്ടണമെന്നാണ് കേന്ദ്ര നിലപാട്. 2023 മാർച്ചിനകം 18.5 ഏക്കർ നിരപ്പാക്കിയ ഭൂമി നൽകണമെന്നാണ് കത്തിലുണ്ടായിരുന്നത്.
അതോറിറ്റിയുടെ കൈവശമുള്ള ഭൂമി ഉപയോഗിച്ച് റൺവേ നീളം ദീർഘിപ്പിക്കുന്നതും യോഗത്തിൽ ചർച്ചയായി. നിലവിലെ റണ്‍വേയുടെ കിഴക്ക് വശത്ത് അതോറിറ്റിയുടെ കൈവശമുള്ള 19.46 ഏക്കര്‍ ഭൂമിക്ക് പുറമേ 43.11 ഏക്കര്‍ കൂടി ഏറ്റെടുത്ത് റണ്‍വേ 3400 മീറ്ററായി വികസിപ്പിക്കുന്നതാണ് നിർദേശം.
ഭൂമി ഏറ്റെടുക്കുന്നതിനായി സർക്കാർ ഉത്തരവ് ഇറക്കും. ആദ്യം സർവേ ആക്ട് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള 6 (1) വിജ്ഞാപനമായിരിക്കും പുറപ്പെടുവിക്കുക. ഇത് പ്രകാരം സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ സർവേ നടത്തുന്നതിനുള്ള നോട്ടീസ് നൽകും. തുടർന്ന് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സാമൂഹികാഘാത പഠനത്തിനായി 4 (1) വിജ്ഞാപനം. ഇവരുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം 11 (1).
പിന്നീട് ഓരോരുത്തർക്കും നഷ്ടമാകുന്ന ഭൂമി, നഷ്ടപരിഹാരം എന്നിവ തയാറായതിന് ശേഷം അന്തിമവിജ്ഞാപനം 19 (1) ഇറക്കും. പിന്നീട് ഭൂ ഉടമകൾ തയാറാണെങ്കിൽ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. അല്ലാത്തപക്ഷം എൽ.എ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം അനുവദിച്ച് ഭൂമി ഏറ്റെടുക്കും. ഒരാഴ്ചക്കകം നടപടികൾ ആരംഭിക്കുമെന്നാണ് യോഗത്തിന് ശേഷം മന്ത്രി അറിയിച്ചത്.
ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകും. ദേശീയപാത വികസനത്തിന് ഈ നിയമപ്രകാരമാണ് നഷ്ടപരിഹാരം നൽകിയത്. കിടപ്പാടം ഒഴിയുന്നവർക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും പ്രദേശത്തെ ജനങ്ങൾ നടപടിയുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. ഇതിനാവശ്യമായ തുക സർക്കാർ വഹിക്കും.
വിഷയത്തിൽ ജനപ്രതിനിധികളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 18ന് ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ അനുകൂല നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ വീണ്ടും സർവകക്ഷിയോഗം വിളിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.