മലപ്പുറം: കേരള എൻജിനീയറിങ്/ഫാർമസി (കീം) പ്രവേശന പരീക്ഷ ഫലം വന്നപ്പോൾ സംസ്ഥാനത്ത് ആദ്യ പത്ത് റാങ്കുകാരിൽ മൂന്ന് പേർ മലപ്പുറം ജില്ലയിൽനിന്ന്. കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലെ പി. നിയാസ് മോൻ മൂന്നാം റാങ്ക് നേടി. മുസ്ലിയാരങ്ങാടി സ്വദേശി തന്നെയായ എൻ. തസ്ലി ബാസിൽ ഏഴാമതും അരീക്കോട് വാലില്ലാപ്പുഴയിലെ യു. മുഹമ്മദ് നിഹാദ് ഒമ്പതാമതുമെത്തി. ജില്ലയിൽനിന്ന് ആകെ 5812 പേരാണ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത്. ഇവരിൽ 18 വിദ്യാർഥികൾ ആദ്യ നൂറിലും 108 പേർ ആദ്യ ആയിരത്തിലുമുണ്ട്.
റാങ്കിൽ തിളങ്ങിയ 'ചങ്ങായിമാർ'
മൂന്നാം റാങ്ക് ജേതാവും ഏഴാം റാങ്ക് ജേതാവും ഉറ്റസുഹൃത്തുക്കൾ
കൊണ്ടോട്ടി: ഒരേ നാട്ടുകാർ, ഒരേ സ്ഥാപനത്തിൽ പഠിച്ചവർ, ഒരേ ലക്ഷ്യത്തിനായി പരിശ്രമിച്ചവർ- ചങ്ങാതിമാരായാൽ ഇങ്ങനെ വേണം. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ നിയാസ് മോെൻറയും ഏഴാം റാങ്കുകാരൻ തസ്ലിം ബാസിലിെൻറയും വിജയത്തിളക്കത്തിന് സൗഹൃദത്തിെൻറ ഇരട്ടിമധുരം കൂടിയുണ്ട്. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശികളായ ഇരുവർക്കും ഒരേ ലക്ഷ്യമാണുള്ളത്- ഐ.ഐ.ടിയിലെ പഠനം. സെപ്റ്റംബർ 27ന് ഐ.ഐ.ടി എൻട്രൻസ് പരീക്ഷ എഴുതാനിരിക്കുകയാണ്. രണ്ടാം ശ്രമത്തിലാണ് നിയാസും തസ്ലിമും ആദ്യ പത്താം റാങ്കിലെത്തിയത്.
പാലായിലായിരുന്നു പഠനം. വ്യത്യസ്ത ക്ലാസിലായിരുന്നെങ്കിലും ഒരേ ഹോസ്റ്റലിലായിരുന്നു. കൊട്ടൂക്കര പി.പി.എം.എച്ച്.എസ് സ്കൂളിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിയാസ് മോെൻറ ഹയർ സെക്കൻഡറി പഠനം. ആദ്യതവണ മഞ്ചേരി മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രേവശനം ലഭിച്ചെങ്കിലും ആഗ്രഹിച്ച വിഷയത്തിൽ പഠനം നടത്തണമെന്നാഗ്രഹിച്ച് രണ്ടുദിവസത്തെ ക്ലാസിന് ശേഷം വീണ്ടും പരിശീലനം നേടാൻ പോയി. ഐ.ഐ.ടിയിൽ പഠനം നടത്തണമെന്ന ആഗ്രഹമായിരുന്നു ഇതിന് പിന്നിൽ. കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് അധ്യാപകൻ തയ്യിൽ പി. ജമാലുദ്ദീൻ-ഹഫ്സത്ത് ദമ്പതികളുടെ മകനാണ്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ഫാരിസ് മുഹമ്മദ്, കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥി ഫവാസ് എന്നിവർ സഹോദരങ്ങളാണ്.
ഏഴാം റാങ്കുകാരനായ തസ്ലിം കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജ് അസി. പ്രഫ. നാനാക്കൽ വീട്ടിൽ എൻ. അബ്ദുൽ ജലീലിെൻറയും അരിമ്പ്ര ജി.എച്ച്.എസ്.എസ് അധ്യാപിക ഷറഫുന്നീസയുടെയും മകനാണ്. കഴിഞ്ഞ തവണ എൻട്രൻസിൽ 920 റാങ്ക് ലഭിച്ചിരുന്നെങ്കിലും ഐ.ഐ.ടിയിൽ പ്രവേശനം നേടണമെന്ന ആഗ്രഹത്താൽ വീണ്ടും പരിശീലനത്തിന് ചേർന്നു. തൻവീർ ജഹാൻ, ജഹാൻ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.