കൊണ്ടോട്ടി: വേനല്‍ കനക്കുന്നതിനൊപ്പം തീപിടിത്ത ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന കൊണ്ടോട്ടി മേഖലയില്‍ അഗ്നി രക്ഷ സേനയുടെ യൂനിറ്റ് അനുവദിക്കണമെന്ന ആവശ്യത്തിന് അവഗണന നീളുന്നു. പ്രധാന വാണിജ്യ നഗരവും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മാതൃനഗരവുമായ കൊണ്ടോട്ടിയില്‍ ഫയര്‍ സ്റ്റേഷന് ഒരുക്കാനുള്ള പദ്ധതി പരിഗണിക്കുമെങ്കിലും പിന്നീട് നടപ്പാകാതെ പോകുന്ന സ്ഥിതിയാണ്. തീപിടിത്തമടക്കമുള്ള ദുരന്തങ്ങളുണ്ടാകുമ്പോള്‍ കൊണ്ടോട്ടി കേന്ദ്രീകരിച്ച് സ്റ്റേഷന് വേണമെന്ന ആവശ്യമുയരുന്നതിലപ്പുറം കാര്യക്ഷമമായ ഇടപെടലുകളും സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനങ്ങളും വൈകുന്നത് നഗരത്തിന് ഭീഷണിയാണ്.
വേനല്‍ ശക്തി പ്രാപിക്കുമ്പോള്‍ തോട്ടങ്ങളിലും വയലുകളിലും തീപിടിത്തങ്ങള്‍ നിരന്തരമുണ്ടാകുന്ന പ്രദേശമാണ് കൊണ്ടോട്ടി. ഈ വര്‍ഷം അരിമ്പ്രമല, എന്‍.എച്ച് കോളനി തുടങ്ങിയ പ്രദേശങ്ങളിലടക്കം പത്തോളം കേന്ദ്രങ്ങളിലാണ് അഗ്നിബാധയുണ്ടായത്.
മലപ്പുറം, മഞ്ചേരി, മീഞ്ചന്ത തുടങ്ങിയ ഭാഗങ്ങളില്‍ നിന്നെത്തുന്ന അഗ്നി രക്ഷ സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാറ്. 30 കിലോ മീറ്ററുകളില്‍ നിന്നകലെനിന്ന് സേനാ യൂനിറ്റുകള്‍ എത്തുമ്പോള്‍ ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തോടു ചേര്‍ന്നുള്ള പ്രധാന നഗരമായിട്ടും കൊണ്ടോട്ടിയില്‍ അഗ്നി രക്ഷ സേനയുടെ സ്റ്റേഷന് അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
വ്യാപാരി സംഘടനകളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യമുന്നയിച്ച് വര്‍ഷങ്ങളായി രംഗത്തുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്ഥലവും കെട്ടിടവും അനുവദിക്കുകയാണെങ്കില്‍ സ്റ്റേഷൻ ആരംഭിക്കുന്നത് പരിഗണിക്കാമെന്ന് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. സ്ഥലം കണ്ടെത്താമെന്ന് അറിയിച്ചിട്ടും നടപടികള്‍ അകാരണമായി വൈകുകയാണെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ പറഞ്ഞു.
അഗ്നിബാധ തടയാന്‍ നാട്ടുകാര്‍ ഇടപെടണം
അഗ്നി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നാട്ടില്‍ ലഭ്യമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് നാട്ടുകാരാണ് പലപ്പോഴും ദുരന്ത തീവ്രത കുറക്കുന്നത്.
പ്രാദേശികമായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ഇത്തരം രക്ഷാദൗത്യങ്ങള്‍ നടക്കാറ്. വാഹനങ്ങള്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള മലയോരങ്ങളിലെ അഗ്നി ബാധ ചെറുക്കാന്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച സേനാംഗങ്ങളുടെ അഭാവം വെല്ലുവിളിയാണ്.
സമീപത്തെ വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും വെള്ളമെത്തിച്ച് സാഹസികമായാണ് നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും രക്ഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറ്. പലപ്പോഴും വലിയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിമാനത്താവള അതോറിറ്റിയുടെ ‘പാന്ഥര്‍’ വാഹനത്തെ തന്നെയാണ് കൊണ്ടോട്ടി നഗരസഭയിലും പരിസര പ്രദേശങ്ങളിലുമുള്ള ഗ്രാമപഞ്ചായത്തുകളും ആശ്രയിക്കുന്നത്. വിമാനത്താവള അധികൃതരുടെ അനുമതി ലഭിക്കാതെ ഈ വാഹനം പുറത്തുള്ള അഗ്നി രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല. ഇതിനുള്ള കാലതാമസവും ദുരന്തങ്ങളുടെ വ്യാപ്തി കൂട്ടുകയാണ്.
കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വീഴ്ച
നിയമാനുസൃതമായ അകലംപോലും പാലിക്കാതെയാണ് നഗരത്തിന് ഭൂരിഭാഗം കെട്ടിടങ്ങളുമുള്ളത്. ഇത്തരം കെട്ടിടങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഗ്നിബാധ പോലുള്ള ദുരന്തങ്ങളുടെ തീവ്രതയേറും. ഇത് തദ്ദേശ ഭരണസ്ഥാപനങ്ങളും അഗ്നിരക്ഷ സേനയും പരിശോധിക്കാറില്ല.
കോഴിക്കോട് - പാലക്കാട് ദേശീയപാതയിലെ ബൈപാസ് റോഡ് കേന്ദ്രീകരിച്ചാണ് പ്രധാന വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും പ്രധാന വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.