കോട്ടക്കൽ: കൗമാരക്കാർ ‘കൈയടക്കിയ’ കോട്ടക്കൽ ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. ആദ്യപടിയെന്ന നിലയിൽ വാഹന പാർക്കിങ് ഏരിയയിലേക്ക് വിദ്യാർഥികൾ കയറുന്നത് തടയും. ഇതിനായി ജീവനക്കാരെ ചുമതലപ്പെടുത്തും.
സ്കൂൾ, കോളജ് വിദ്യാർഥികൾ കൂട്ടത്തോടെ സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങൾ കൈയടക്കുന്നത് പതിവാണ്. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷി നേതാവ് ടി. കബീറാണ് വിഷയം ചെയറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ ഡോ. ഹനീഷ അറിയിച്ചു. സ്റ്റാൻഡിലെ കടമുറികളുടെ സാമ്പത്തിക വർഷത്തിലെ മുഴുവൻ കുടിശ്ശികയും പിഴ പലിശയില്ലാതെ അടവാക്കിയതായി കൗൺസിൽ അറിയിച്ചു. 2024-25 വാർഷിക പദ്ധതി രൂപീകരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു.
ഉപാധ്യക്ഷൻ ചെരട മുഹമ്മദലി, ആലമ്പാട്ടിൽ റസാഖ്, ജയപ്രിയൻ, മുഹമ്മദ് ഹനീഫ, കെ.പി.എ റാഷിദ്, സനില പ്രവീൺ, അടാട്ടിൽ റഷീദ, സെക്രട്ടറി ഇൻ ചാർജ് ജീന എന്നിവർ സംസാരിച്ചു. വിവാദങ്ങൾക്കൊടുവിൽ ചുമതലയേറ്റ ഭരണസമിതിയുടെ പ്രഥമയോഗത്തിൽ രാഷ്ടീയ കക്ഷിഭേദമന്യേ ഭൂരിഭാഗം കൗൺസിലർമാരും പങ്കെടുത്തു.
ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത എൽ.ഡി.എഫിലെ ഫഹദ് നരിമടക്കൽ കൗൺസിലിൽ എത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.